കടവുപുഴ പാലം: മന്ത്രി വാക്കുപാലിച്ചില്ലെന്നു മാണി സി കാപ്പന്‍

Kottayam

പാലാ: പ്രളയക്കെടുതിയില്‍ തകര്‍ന്ന മൂന്നിലവ് കടവുപുഴപാലം പുന:രുദ്ധരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ മൂന്നിലവിലെ ജനങ്ങള്‍ക്കു വാക്കു നല്‍കിയിട്ടും പാലിച്ചിട്ടില്ലെന്നു മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ആകെ 5 കോടി രൂപ മാത്രമുള്ള എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് പാലാ മണ്ഡലത്തില്‍ മുഴുവനായിട്ടുള്ള വികസനത്തിന് വിനിയോഗിക്കപ്പെടേണ്ട ഫണ്ടാണ്. ആ തുക ഒരു പദ്ധതിക്കു മാത്രമായി മാറ്റി വയ്ക്കാനാവില്ല. ചില്ലച്ചിപ്പാലത്തിന് അനുവദിച്ച 3.5 കോടി രൂപ ഇവിടേയ്ക്ക് മാറ്റി നല്‍കണമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി നല്‍കിയിരുന്നതുമാണ്. ഇതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നതുമായിരുന്നു.

ഒന്നര വര്‍ഷമായി ഈ മേഖല ദുരിതത്തിലാണ്. 25 കിലോമീറ്റര്‍ ചുറ്റിയാണ് ആളുകള്‍ സഞ്ചരിക്കുന്നത്. സ്‌കൂളുകളില്‍ പോലും പോകാത്ത അവസ്ഥയിലാണ് കുട്ടികള്‍. ഈ സാഹചര്യത്തെ നേരിടുന്നവര്‍ തന്നെ പാലം പുനര്‍നിര്‍മ്മിക്കാതിരിക്കുന്ന സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എം എല്‍ എ പറഞ്ഞു. ജനകീയത്തോടു പുറം തിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍ ഒരു സ്വകാര്യ ട്രസ്റ്റിന് ബജറ്റില്‍ രണ്ടു തവണയായി പത്തുകോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ജനങ്ങളെക്കാള്‍ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് നാട്ടുകാര്‍ക്കു ബോധ്യമായിട്ടുണ്ട്. സ്വകാര്യ ട്രസ്റ്റിന് വാരിക്കോരി കോടികള്‍ നല്‍കുമ്പോള്‍ പട്ടികവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന മേഖലയെ അവഗണിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രതികരിക്കേണ്ടതെന്ന് മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി. നടപടി സ്വീകരിക്കാന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ വികസനം തടസ്സപ്പെടുത്തുമ്പോള്‍ ദുരിതമനുഭവിക്കുന്നവരില്‍ ചിലര്‍ തന്നെ അതിനെ പിന്തുണയ്ക്കുന്ന നടപടി നാടിനു ഗുണകരമാണോയെന്ന് ചിന്തിക്കണമെന്നും എം എല്‍ എ ഓര്‍മ്മിപ്പിച്ചു. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചൊലുത്തുവാനാണ് ശ്രമിക്കേണ്ടത്. പാലായുടെ വികസനത്തിന് തടസ്സം നില്‍ക്കുന്നവര്‍ ആരാണെന്ന് പാലാക്കാര്‍ക്കു ബോധ്യമായിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *