കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 11 മുതല്‍ 18 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11ന് വൈകിട്ട് 7.30ന് ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രിയും മേല്‍ശാന്തി ഷിബു ശാന്തിയും കൊടിയേറ്റത്തിന് കാര്‍മ്മികത്വം വഹിക്കും. കൊവിഡ് മഹാമാരിക്ക് ശേഷം പൂര്‍ണതോതില്‍ നടക്കുന്ന ഇക്കൊല്ലത്തെ ഉത്സവത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് പുറമെ കലാപരിപാടികളും പ്രാദേശിക കമ്മിറ്റികളുടെ ആഘോഷവരവുകളും അന്നദാനവുമുണ്ടാകും.
11ന് രാത്രി ലാലാ ബാന്റിന്റെ ഗാനമേളയോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. 12ന് രാവിലെ 10 മണിക്ക് ശാസ്ത്രീയ സംഗീതലളിതഗാന മത്സരങ്ങള്‍, വൈകുന്നേരം 6 മണിക്ക് നൃത്ത മത്സരങ്ങള്‍ കസബ പ്രാദേശിക കമ്മിറ്റിയുടെ ആഘോഷവരവ്, ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിക്കുന്ന ഗാനമേള എന്നിവ നടക്കും. 13ന് വൈകുന്നേരം ഓട്ടന്‍ തുള്ളല്‍, നൃത്തശില്‍പം, 14ന് രാത്രി സംഗീതക്കച്ചേരി, ആഘോഷവരവ്, നൃത്തശില്‍പം, 15ന് കളരിപ്പയറ്റ് ആഘോഷവരവ്, സാക്‌സോഫോണ്‍ സംഗീതനിശ, 16ന് നൃത്തമത്സരം, ഭക്തിഗാനസുധ, ഗാനമേള, 17ന് വൈകുന്നേരം ക്ഷേത്രക്കുളത്തില്‍ തെപ്പോത്സവം, തുടര്‍ന്ന് നാദസ്വരക്കച്ചേരി, പകല്‍പൂരം, നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടാകും.
18ന് ശിവരാത്രി ദിവസം വൈകുന്നേരം നാല് മണിക്ക് വനിതാവിഭാഗത്തിന്റെ അക്ഷരശ്‌ളോക സദസ്സ്, അഞ്ച് മണിക്ക് ശിവസഹസ്രനാമാര്‍ച്ചന, ഭക്തിഗാനസുധ എന്നിവ നടക്കും. 8 മണിക്ക് സമാപന സമ്മേളനം, സമ്മാനദാനം എന്നിവയ്ക്ക് ശേഷം ആറാട്ട് കഴിഞ്ഞ് എഴുന്നള്ളിപ്പോടുകൂടി കൊടിയിറക്കും. തുടര്‍ന്ന് ഗായകന്‍ ദേവാനന്ദ് നയിക്കുന്ന ഗാനമേളയോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഉത്സവക്കമ്മിറ്റി പ്രസിഡന്റ് പി.വി. ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി സുരേഷ്ബാബു എടക്കോത്ത്, ട്രഷറര്‍ കെ.വി. അരുണ്‍, പൊറോളി സുന്ദര്‍ദാസ്, സജീവ്‌സുന്ദര്‍ കാശ്മിക്കണ്ടി, പുത്തൂര്‍മഠം ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.