വഖഫ് ബില്‍ മുസ്ലിം വംശഹത്യാ അജണ്ടയുടെ ഭാഗം, പിന്‍വലിക്കണം: കെ.എന്‍.എം മര്‍കസുദ്ദഅവ ബഹുജന സംഗമം

Kerala

കോഴിക്കോട്: നിര്‍ദിഷ്ഠ വഖഫ് നിയമ ഭേദഗതിക്കെതിരെ കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം കേന്ദ്ര സര്‍ക്കാറിനുള്ള ശക്തമായ താക്കീതായി മാറി. സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന മുസ്ലിം വംശഹത്യാ അജണ്ടയുടെ ഭാഗമാണ് ജനാധിപത്യ വിരുദ്ധ വഖഫ് ബില്ലെന്ന് സമ്മേളനം കുറ്റപ്പെടുത്തി. മുസ്ലിം സമുദായത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും ചരിത്രപരവുമായ അസ്ഥിത്വത്തിന്റെ അടിത്തറയായ വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും കവര്‍ന്നെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പോരാട്ടത്തിന് സമ്മേളനം ആഹ്വാനം ചെയ്തു.

ദൈവിക പ്രീതിയാഗ്രഹിച്ച് സമുദായത്തിന്റെ സ്വയം പര്യാപ്തതക്കായി സമുദായത്തിലെ പൂര്‍വികര്‍ ദാനം ചെയ്ത വഖഫ് സ്വത്തുക്കളുടെ കൈകാര്യ കര്‍തൃത്വം സ്വന്തമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെറുക്കുക തന്നെ വേണം. വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ എടുത്ത് കളഞ്ഞ് വഖഫ് സ്ഥാപനങ്ങളും സ്വത്തുക്കളും അന്യാധീപ്പെടുത്താന്‍ അനുവദിക്കുകയില്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു. മുനമ്പം വഖഫ് ഭൂമി റീ സര്‍വേ ചെയ്യണമെന്നും മുനമ്പം കമ്മീഷന്‍ പിരിച്ചു വിടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മുനമ്പം തര്‍ക്ക ഭൂമി വഖഫ് ഭൂമി യാണെന്നതിന് ബന്ധപെട്ട രേഖകളും കേരള ഹൈക്കോടതി വിധിയുമുണ്ടെ ന്നിരിക്കെ മുനമ്പം വഖഫ് ഭൂമി കയ്യേറ്റം ഒഴിപ്പിക്കുകയും കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുകയും വേണം.

അഡ്വ. ഹാരിസ് ബീരാന്‍ എം.പി ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. കെ.എന്‍.എം മര്‍കസുദ്ദഅവ വൈസ് പ്രസിഡന്റ് അഡ്വ. പി മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി ആമുഖ ഭാഷണം നടത്തി. എം.അഹമ്മദ് കുട്ടി മദനി വിഷയാവതരണം നടത്തി. അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, കെ.ടി കുഞ്ഞിക്കണ്ണന്‍, കെ.പി നൗഷാദലി, ഡോ. ഫസല്‍ ഗഫൂര്‍, കെ.പി ഇസ്മായില്‍, അബ്ദുലത്തീഫ് കരുമ്പിലാക്കല്‍, ഡോ. അന്‍വര്‍ സാദത്ത്, ബി.പി എ ഗഫൂര്‍, ഡോ. ഐ.പി അബ്ദുസ്സലാം പ്രസംഗിച്ചു.