മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൻ്റെയും മനുഷ്യ-വന്യമൃഗ സംഘർഷത്തിൻ്റെയും, വയനാട് കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തിലും കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിനും മറ്റുമായി കാർഷിക ജില്ലയായ വയനാടിന് ഒന്നും നൽകിയിട്ടില്ല. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങൾ വയനാട് പോലെയുള്ള പിന്നാക്ക ജില്ലകൾക്ക് വൻ തിരിച്ചടിയാണ് വരുത്തി വെക്കുക. മനുഷ്യ മനസ്സാക്ഷിയെ ഞട്ടിപ്പിക്കുന്ന ദുരന്തത്തിന് ഇരയായ കേരളത്തിന് ദുരന്ത നിവാരണ പാക്കേജിൽ കേരളത്തെ പരാമർശിക്കുക പോലും ചെയ്തിട്ടില്ല എന്നത് എത്ര മാത്രം വൈരാഗ്യ ബുദ്ധിയാണ് കേരളത്തോട് കാണിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്. ദുരന്തത്തിനിരയായവർക്ക് 2200 കോടിയാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഒരു പൈസ പോലും തന്നിട്ടില്ല. വയനാടൻ ജനതയെ ശത്രുപക്ഷത്ത് നിർത്തുന്ന ജനവിരുദ്ധ ബജറ്റാണ് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് എന്ന് സി.പി.ഐ(എം.എൽ)റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി വിലയിരുത്തി.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ ജോൺസൺ, കെ. പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.