മുഴുവൻ ആദിവാസി സങ്കേതങ്ങളിലും അടിസ്ഥാന സൗകര്യം ഉറപ്പാക്കണം: എ കെ എസ്

Wayanad

കൽപ്പറ്റ:മുഴുവൻ ആദിവാസി സങ്കേതങ്ങളിലും അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്ന്‌ ആദിവാസി ക്ഷേമസമിതി (എകെഎസ്‌) അവകാശ പ്രഖ്യാപന കൺവൻഷൻ ആവശ്യപ്പെട്ടു. ഉന്നതികളിൽ കുടിവെള്ളം, റോഡ്‌, ശൗചാലയങ്ങൾ, വൈദ്യുതി എന്നിവ ഉറപ്പാക്കണം. ചോർന്നൊലിക്കുന്ന ആദിവാസി വീടുകൾ അറ്റകുറ്റപ്പണി നടത്തണം. 12 വർഷം കഴിഞ്ഞ ആദിവാസി വീടുകൾ പുനർനിർമിക്കണം. ഭൂരഹിതരായ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഭൂമി അനുവദിക്കണം.

ജില്ലയിൽ നാലായിരത്തോളം കുടുംബങ്ങൾ ഒരുസെന്റ്‌ ഭൂമിയില്ലാത്തവരാണ്‌. 2012 മുതൽ കുടിൽകെട്ടി താമസിക്കുന്നവർക്ക്‌ ഭൂരേഖ അനുവദിക്കണം. അഭ്യസ്‌തവിദ്യരായ മുഴുവൻ യുവജനങ്ങൾക്കും തൊഴിൽ,  എല്ലാ പഞ്ചായത്തുകളിലും ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫീസുകൾ(ടിഇഒ), മുഴുവൻ പഞ്ചായത്തുകളിലും ആദിവാസി ശ്‌മശാനങ്ങൾ എന്നിവയും അകാശമായി പ്രഖ്യാപിച്ചു.  ഈ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഏപ്രിൽ 28ന്‌ എല്ലാപഞ്ചായത്തുകളിലേക്കും മാർച്ച്‌ നടത്തി സെക്രട്ടറിമാർക്ക്‌ നിവേദനം നൽകാനും കൺവൻഷൻ തീരുമാനിച്ചു.  

എകെഎസ്‌ ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ  നടത്തിയ അവകാശ പ്രഖ്യാപന കൺവൻഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി പി വാസുദേവൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി വിശ്വനാഥൻ അധ്യക്ഷനായി. ആദിവാസി ഭൂസമരസഹായ സമിതി കൺവീനർ സി കെ ശശീന്ദ്രൻ, എകെഎസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സീതാബാലൻ, ജോയിന്റ്‌ സെക്രട്ടറി വി കേശവൻ,  സംസ്ഥാന കമ്മിറ്റി അംഗം ആർ രതീഷ്‌  എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ എം പ്രസാദ്‌ സ്വാഗതവും ട്രഷറർ കെ അച്ചപ്പൻ നന്ദിയും പറഞ്ഞു.