കൊണ്ടോട്ടി: നാടിന്റെ പ്രൗഢമായ കലാ- സാംസ്കാരിക പൈതൃകത്തിന്റെ പൊലിമ ചാര്‍ത്തി വൈദ്യര് മഹോത്സവത്തിന്റെ രണ്ടാം ദിവസം കുടുംബശ്രീ അംഗങ്ങളുടെ കലാമേളയും അറബന മുട്ടും റാത്തീബും ഗസല്‍ രാവും അരങ്ങേറി. രണ്ടു വേദികളിലായി അരങ്ങേറിയ കുടുംബശ്രീ കലോത്സവം ടി.വി. ഇബ്രാഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
സി.എസ്. ചെയര്‍പേഴ്സണ്‍ എ. ഫാത്തിമ ബീവി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ്ചാന്സിലര് കെ.കെ.എന്‍. കുറുപ്പ് മുഖ്യാതിഥിയായി. കെ.പി. ഫിറോസ്, സി. മിനി മോള്, റംല കൊടവണ്ടി, ശിഹാബ് കോട്ട, കെ.പി. റൈഹാന, ഡോ. സുജാത, കെ. അനില്‍കുമാര്‍, മാത്യു ജോണി, പുലിക്കോട്ടില്‍ ഹൈദരാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡോ. നജീബ് അര്‍ബുദ ബോധവ്തകരണ ക്ലാസെടുത്തു. ഒപ്പന, തിരുവാതിര, കോല്‍ക്കളി, നൃത്തം, മോണോആക്ട്, മോഹിനിയാട്ടം, അലാമി കളി, ലളിത ഗാനം, മാപ്പിളപ്പാട്ട്, അറബി ഗാനം, നാടന്‍പാട്ട് എന്നിവ അരങ്ങേറി.
വൈകീട്ടു നടന്ന കലാ സന്ധ്യ നഗരസഭാ വികസന സമിതി അധ്യക്ഷ സി. മിനി മോള് ഉദ്ഘാടനം ചെയ്തു. ബാപ്പു വാവാട് സ്വാഗതം പറഞ്ഞു. കൊണ്ടോട്ടിയിലെ മണ്മറഞ്ഞ അറബന മുട്ട് കലാകാരന് പീര്‍ അലി ഷായുടെ പിന്‍ഗാമികള്‍ അവതരിപ്പിച്ച റാത്തീബും അരങ്ങേറി. രാത്രി മെഹ്ഫില്‍ മാപ്പിളകലാ അക്കാദമി ഗസല്‍ രാവ് അവതരിപ്പിച്ചു.
മഹോത്സവത്തില്‍ ഇന്ന് മൂന്നാം ദിവസമായ ചൊവ്വാഴ്ച പകല്‍ അങ്കണവാടി പ്രവര്‍ത്തകരുടെ കലാസംഗമം നടക്കും. കലാ സന്ധ്യയില്‍ കാലിക്കറ്റ് കോല്‍ക്കളി സംഘം പന്നിയങ്കരയുടെ കോല്‍ക്കളി, പുളിക്കല്‍ നാടക സമിതിയുടെ മാര്‍ത്താണ്ഡന്റെ സ്വപ്നങ്ങള്‍- നാടകം, ഫൈസല്‍ എളേറ്റില്‍ അവതരിപ്പിക്കുന്ന ഇശലുകള്‍ കഥ പറയുന്നു എന്ന പാട്ടും പറച്ചില് എന്നിവ അരങ്ങേറും.