വാഴക്കാടിനോട് എനിക്ക് വൈകാരിക ബന്ധം: സുനിത ദേവദാസ്

Malappuram

വാഴക്കാട്: വാഴക്കാടിനോടും മലപ്പുറത്തോടും എനിക്ക് എക്കാലത്തും മറക്കാനാവാത്ത വൈകാരിക ബന്ധമാണെന്ന് പ്രമുഖ സാമൂഹ്യ നിരീക്ഷകയും മാധ്യമ പ്രവര്‍ത്തകയുമായ സുനിത ദേവദാസ് പറഞ്ഞു. എന്നെ ഞാനാക്കി രൂപപ്പെടുത്തുന്നതില്‍ വാഴക്കാടിനും മലപ്പുറത്തിനും നിര്‍ണായക പങ്കുണ്ട്. ഒരു മരുമകളെന്നതിലുപരി ഒരു മകളായി സ്വീകരിക്കപ്പെട്ടു ഇവിടെയെന്നാണ് എന്റെ വ്യക്തിപരമായ ഭാഗ്യം. ഭര്‍തൃ പിതാവ് കുഞ്ഞിരാമന്‍ നായരുടെ സ്‌നേഹവായ്പുകള്‍ എനിക്ക് വലിയ ആത്മവിശ്വാസം നല്കി. മരണപ്പെട്ട എം പി അബ്ദുല്ല സാഹിബടക്കമുള്ള വാഴക്കാട്ടെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കന്‍മാരുമായുള്ള ബന്ധവും അവര്‍ അനുസ്മരിച്ചു.

വാഴക്കാട് ഗവ.ഹൈസ്‌കൂള്‍ 1983 SSLC ബാച്ച് കൂട്ടായ്മയായ ഒരുമ 83 നല്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അവര്‍. അയമു തയ്യില്‍ ഉപഹാരം സമര്‍പിച്ചു. കെ സലാഹുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.
ബുശ്‌റ കെ.എ ഉദ്ഘാടനം ചെയ്തു. മുസ്തഫ മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, ആയിശ കുഞ്ഞ്, ദേവദാസ്, ജലീല്‍ വട്ടപ്പാറ, സലീം മാവൂര്‍, സുഹ്‌റ കുറുപ്പത്ത്, കമലാക്ഷി, മുഹമ്മദ് തിരുവാലൂര്‍ പ്രസംഗിച്ചു.