മോക്ഷം പൂക്കുന്ന താഴ് വര തേടി ലാലി രംഗനാഥ്

Thiruvananthapuram

റഹിം പനവൂർ

ചുരുങ്ങിയ കാലം കൊണ്ട്മലയാള സാഹിത്യത്തിൽ തനത് വ്യക്തിത്വവും നന്മയുടെ മൂല്യവും കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരിയാണ് ലാലി രംഗനാഥ്. ഹൃദയഭാഷയിൽ വായനക്കാരോട് സംവദിക്കാനും വളരെ ലളിതമായ എഴുത്ത് ശൈലിയിലൂടെ ആസ്വാദക മനസ്സുകളിലേക്ക് നേരിട്ട് കടന്ന് ചെല്ലാനും ലാലിക്ക് സാധിക്കുന്നു. മനുഷ്യമനസ്സുകളുടെ തീഷ്ണവും നിഗൂഢവുമായ ഭാവങ്ങളെ ലാലിയുടെ രചനകളിലൂടെ വായിച്ചറിയാനാകുമെന്ന് വായനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

ചുരുങ്ങിയ കാലയളവിൽ നാലു പുസ്തകങ്ങളാണ് ലാലിയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്.അതിൽ രണ്ട് നോവലുകൾ, ഒരു കവിത സമാഹാരം, കഥാസമാഹാരം എന്നിവ ഉൾപ്പെടുന്നു. രണ്ട് നോവലുകളും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ചാണ് പ്രകാശനം ചെയ്തത്.

2023 ൽ നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണൻ പ്രകാശനം ചെയ്ത നീലിമ,2024 ൽ ഡോ.
പ്രബീഷ് സഹദേവൻ പ്രകാശനം ചെയ്ത മോക്ഷം പൂക്കുന്ന താഴ് വര എന്നിവയാണ് നോവലുകൾ. നീലിമയ്ക്ക് 2023ലെ മികച്ച നോവലിനുള്ള സത്യജിത്ത് റേ ഗോൾഡൻ പെൻ ബുക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നീലിമയുടെ വായനാനുഭവം ജേർണലിസ്റ്റും കണ്ടന്റ് റൈറ്ററുമായ മോഹൻദാസ് മുട്ടമ്പലം കുറിച്ചത് ഇങ്ങനെ :

” വാട്ട് ഈസ് എ വുമൺ?.
ലാലി രംഗനാഥിന്റെ ആദ്യ നോവലായ നീലിമയുടെ താളുകൾ മറിക്കുമ്പോൾ എന്റെ മനസ്സിലൂടെ മിന്നൽപ്പിണർ പോലെ കടന്നുപോയ ഒരു ചോദ്യമാണിത്. ഇന്നും പുരുഷ വായനകൾക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യം.സിമോൻ ദി ബുവ്വ തന്റെ
‘ദി നേചർ ഓഫ് സെക്കൻഡ് സെക്സ് ‘ എന്ന പുസ്തകം ആരംഭിക്കുന്നത് ഈ കഠിന ചോദ്യത്തോടെയാണ്. എഴുത്തുകാരി തന്നെ അതിന് ഉത്തരം പറയുന്നുമുണ്ട്.

“woman is a womb” എന്ന്.

ഇത്തരത്തിലുള്ള ഒരു നിരീക്ഷണം നിലനിൽക്കുന്നത് കൊണ്ടു തന്നെ ലാലി രംഗനാഥിന്റെ നോവലിലെ നീലിമയും ശാരിയും രണ്ട് സ്ത്രീകൾ എന്നതിനേക്കാൾ, ഒരേ സ്ത്രീയുടെ രണ്ടു ഭാവങ്ങളായാണ് വായിക്കപ്പെടേണ്ടത്”.

മനുഷ്യമനസ്സുകളുടെ നിർവചിക്കാൻ കഴിയാത്ത നിഗൂഢതകൾ ഭംഗിയായി അവതരിപ്പിക്കുന്നതിൽ ഈ എഴുത്തുകാരി വിജയിച്ചിട്ടുണ്ടെന്ന്
നിസ്സംശയം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ലാലി രംഗനാഥിന്റെ രണ്ടാമത്തെ നോവലായ ‘മോക്ഷം പൂക്കുന്ന താഴ് വര ‘യെക്കുറിച്ച് അവതാരികയിൽ എഴുത്തുകാരൻ ബിനു മനോഹർ ഇങ്ങനെ അടയാളപ്പെടുത്തുന്നു.
“കൈവിരൽത്തുമ്പിലുതിരുന്ന അക്ഷരങ്ങളിലൂടെ,തന്റെ മനസ്സിലൂടെയൊ ഴുകുന്ന ഭാവനയെ ചടുലഭാഷയിൽ വായനയുടെ ഇമ്പമേറ്റിക്കൊണ്ട് എഴുതിപ്പോകുന്ന ഒരു ശൈലിയാണ് ലാലി രംഗനാഥിന്റേത്.

അനാഥത്വത്തിന്റെ മാനസിക വ്യവഹാരങ്ങൾ അനുവാചക സമക്ഷം യുക്തിഭദ്രമായി അവതരിപ്പിക്കാൻ “അമാൽ” എന്ന കഥാപാത്രത്തിലൂടെ സൃഷ്ടികർത്താവിന് കഴിഞ്ഞു.
യുക്തി ബോധത്തിന് നിരക്കാത്ത ശവഭോഗം പോലും കാമതൃഷ്ണയുള്ള ഒരു പെണ്ണ് തകർത്തെറിഞ്ഞ തന്റെ ജീവിത മൂല്യങ്ങൾക്കുള്ള പ്രതികാരമായി വരച്ചുകാട്ടുക വഴി കഥാപാത്രത്തിന്റെ കാടത്ത സമീപനത്തെ വായനക്കാരന് ബോധ്യപ്പെടു ത്തുന്നതിനും വായനയുടെ മൂല്യബോധം താഴാതിരിക്കാനും കഴിഞ്ഞുവെന്നത് എടുത്തു പറയേണ്ട ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒറ്റ വാചകത്തിൽ

“പൂത്തുലഞ്ഞ തണൽമരം പോലെ ഏറെ ഹൃദ്യവും സുഗന്ധവാഹിയുമായ ഒരു മനോഹര രചനയായി “മോക്ഷം പൂക്കുന്ന താഴ് വര” എന്ന നോവലിനെ സാക്ഷ്യപ്പെടുത്തുന്നു”.

കഥകളും കവിതകളും യാത്രാ വിവരണങ്ങളും ലാലിയുടെ തൂലിക സമ്മാനിക്കാറുണ്ട്. മ്യൂസിക്കൽ ആൽബങ്ങൾക്കു വേണ്ടി നിരവധി പാട്ടുകളും ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മണമ്പൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. സ്കൂൾ, കോളേജ് വിദ്യാഭ്യാസം ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ, വർക്കല എസ്.എൻ കോളേജ്, തിരുവനന്തപുരം എൻ.എസ്.എസ് വിമൻസ് കോളേജ് എന്നിവിടങ്ങളിലായി പൂർത്തിയാക്കി. സസ്യശാസ്ത്ര ബിരുദധാരിയാണ്.

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം, കലാനിധി കാവ്യാഞ്ജലി പുരസ്കാരം, അക്ബർ കക്കട്ടിൽ അവാർഡ്, അക്ഷരം സാഹിത്യ വേദിയുടെ ആദരവ്, സുഗതകുമാരിയുടെ പേരിലുള്ള കവിതാ മത്സരത്തിൽ ജൂറി പുരസ്കാരം തുടങ്ങി ധാരാളം അംഗീകാരങ്ങൾ ലാലി രംഗനാഥിനെ തേടിയെത്തിയിട്ടുണ്ട്.

ഭർത്താവ് രംഗനാഥ്, മകൻ..ധനു രംഗനാഥ്, മരുമകൾ ശ്രീ രഞ്ജനി,
കൊച്ചുമോൾ ദേവാൻഷി എന്നിവരോടൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.