പ്രകൃതിയുടെ നേർക്കാഴ്ച്ചകൾ: ബിജു കാരക്കോണത്തിന്‍റെ ഫോട്ടോ പ്രദർശനം ശ്രദ്ധേയമാകുന്നു

Kozhikode

വടകര മഹാത്മാ ദേശസേവ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പതിനഞ്ചാമത് ഹരിതാമൃതം പരിപാടിയിൽ‌ പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർ ബിജു കാരക്കോണത്തിൻ്റെ പ്രകൃതിയുടെ സംഗീതം എന്ന ഫോട്ടോ പ്രദർശനം പ്രശംസ നേടുന്നു.

അനാഥമാക്കരുത് മാതാപിതാക്കളെ എന്ന സന്ദേശം ഉയർത്തിയാണ് വടകരയിൽ ഹരിതാമൃതം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ജീവിത യാത്രയിൽ കണ്ടുമുട്ടിയ കാഴ്ചകൾ അതേ സ്ഥലങ്ങൾ വീണ്ടും സന്ദർശിക്കുമ്പോൾ പണ്ടുകണ്ട കാഴ്ചകൾ അന്യമാകുന്നത്, അവിടെത്ത പ്രകൃതിയുടെ മനോഹരമായ അവസ്ഥകൾ മനുഷ്യൻ്റെ ഇടപെടലുകളിലൂടെ നശിക്കുകയും പലതും നാശത്തിൻ്റെ വക്കിൽ എത്തി നിൽക്കുന്നതും കാണുന്നത് തനിക്കുണ്ടായ മാനസിക വിഷമങ്ങൾ കാരണമാണ് ഇത്തരം മനോഹര ദൃശ്യങ്ങൾ അടുത്ത തലമുറക്ക് കാത്തു സൂക്ഷിക്കാൻ വേണ്ടിയുള്ള അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരം പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത് എന്ന് ബിജു കാരക്കോണം അഭിപ്രായപ്പെട്ടു.

നാം അധിവസിക്കുന്ന ഭൂമി അതുപോലെ അടുത്ത തലമുറക്ക് വേണ്ടി കാത്തു സൂക്ഷിക്കാൻ നാം ഓരോരുത്തരും അവരവരുടെ കടമ നിർവഹിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്താൻ ആണ് തൻ്റെ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വാക്ക് ഇനിയും പറയാനുണ്ട് എന്ന ഏക കഥാപാത്ര നാടകം രാജേഷ് പിഎം ഒഞ്ചിയം അവതരിപ്പിച്ചു. ഔഷധരഹിത മർമ്മ ചികിത്സ എന്ന വിഷയത്തിൽ ഡോ : ഏ.കെ പ്രകാശൻ ഗുരുക്കൾ പ്രഭാഷണം നടത്തി.

വടകര ടൗൺ ഹാളിൽ ഫെബ്രുവരി ആറുമുതൽ നടന്നുവരുന്ന ഹരിതാമൃതം 25 പതിനൊന്നിന് സമാപിക്കും. വിവിധ പാരമ്പര്യ ചികിത്സാ പമുഖരുടെ നാട്ടറിവ് ചികിത്സാ ക്യാമ്പുകളും, ജൈവ ഉൽപന്നങ്ങളും, ചെടികളുടെയും സ്റ്റാളുകളും, പാരമ്പര്യ വൈദ്യരുടെ ഔഷധ ശാലകളും ചികിത്സാ കേന്ദ്രങ്ങളും സന്ദർശിക്കാൻ ജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്.