ഡോ.ഊർമ്മിള.കെ. വി
അസോസിയേറ്റ് പ്രൊഫസർ,
ഗവൺമെന്‍റ് മെഡിക്കൽ കോളേജ്, കണ്ണൂർ
ഫെബ്രുവരി 13 ലോക അനീമിയ ദിനം ആയിട്ട് ആചരിക്കപ്പെടുന്നു. രക്ത ആരോഗ്യത്തിനായി കൈകൾ ഉയർത്തുക എന്നതാണ് ഈ വർഷത്തെ പ്രമേയം. വിളർച്ച രോഗത്തെക്കുറിച്ച് ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കാനും അതുവഴി പ്രതിരോധ നടപടികൾ തത്സമയം തന്നെ കൈക്കൊള്ളാനും ഉദ്ദേശിച്ചാണ് ഈ ദിനാചരണം. ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം വിളർച്ച രോഗം അഞ്ച് വയസ്സ് താഴെയുള്ള 42% കുട്ടികളിൽ കാണപ്പെടുന്നു എന്നാണെങ്കിലും നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം ഇന്ത്യയിലെ ഇത് 67% ആണ്. പെട്ടെന്നുള്ള ബുദ്ധിമുട്ടുകൾ സാധാരണ കാണപ്പെടാറില്ല എന്നതുകൊണ്ട് പലപ്പോഴും ഈ രോഗം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
എങ്കിലും യുവജനങ്ങളിലെ ഉത്പാദനക്ഷമതയെ കാര്യമായി ബാധിക്കുന്നു എന്നതുകൊണ്ട് ഈ രോഗം നേരത്തെ തന്നെ കണ്ടുപിടിക്കേണ്ടതും ചികിത്സിക്കേണ്ടതും ആവശ്യമാണ് ഡബ്ലി. എച്ച്.ഓ. കണക്കുകൾ പ്രകാരം 12 gm/dl താഴെ ഹീമോഗ്ലോബിൻ അളവ് ആയാൽ അനീമിയ രോഗനിർണയമായി കണക്കാക്കുന്നതാണ്.
എന്താണ് വിളർച്ച അഥവാ അനീമിയ- രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് വിളർച്ച എന്ന് പറയുന്നത് അത് രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ക്ഷമത കുറയ്ക്കുന്നു. ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങളാണ് അധികമായും പ്രകടമാകുന്നത്. വിശപ്പില്ലായ്മ,ക്ഷീണം, അലസത,കിതപ്പ്,തലകറക്കം, തലവേദന, ശ്രദ്ധയില്ലായ്മ എന്നിവവിളർച്ചയുടെ രോഗലക്ഷണങ്ങൾ ആയേക്കാം. ജോലി ക്ഷമത കുറയുന്നതും പഠനനിലവാരം മോശമാകുന്നത് പോലും വിളർച്ച കാരണമാവാം. ഭക്ഷ്യയോഗം അല്ലാത്ത സാധനങ്ങളോടുള്ള കൊതി അഥവാ ‘പൈക്ക’ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ലക്ഷണമാണ്. മണ്ണ്, അരി, ചോക്ക്, ഐസ് എന്നീ സാധനങ്ങളോട് വിളർച്ചയുള്ള കുട്ടികൾക്ക് ഒരു പ്രത്യേക പ്രതിപത്തി ഉണ്ടാകും.
വിളർച്ച പലവിധ മൂലകങ്ങളുടെയും കുറവുകൊണ്ട് സംഭവിക്കാം. ഇതിൽ ഏറ്റവും പ്രധാനം ഇരുമ്പിന്റെ കുറവാണ്. വൈറ്റമിൻ ഫോളിക് ആസിഡ് എന്നിവയുടെ കുറവും വിളർച്ച വരുന്നതിന് കാരണങ്ങൾ ആവാം. ഇരുമ്പ് രക്തത്തിൽ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ ആവശ്യമായ ഘടകമാണ്.ഇരുമ്പിന്റെ സാന്നിധ്യമുള്ള ആഹാരപദാർത്ഥങ്ങളുടെ കുറവും, ഇരുമ്പ് ശരീരത്തിൽ വേണ്ടവിധത്തിൽ ആകിരണം ചെയ്യപ്പെടാത്തതും, ഇരുമ്പ് വേണ്ട വിധത്തിൽ ശരീരത്തിൽ ഉപയോഗപ്പെടുത്താൻ ആവാത്ത അസുഖങ്ങളും വിളർച്ചയ്ക്ക് കാരണങ്ങളാണ്. ജീവിതചക്രത്തിലെ ചില കാലഘട്ടങ്ങൾ ഇരുമ്പ് ആവശ്യം അധികമായി വരുന്ന ശാരീരിക അവസ്ഥകൾ സൃഷ്ടിക്കുന്നുണ്ട്.
കൗമാരപ്രായം,ശൈ ശവാവസ്ഥ,ഗർഭകാലം എന്നീ കാലഘട്ടങ്ങളിൽ ഇരുമ്പിന്റെ ആവശ്യം സാധാരണയിൽ കൂടുതലായി വേണ്ടിവരുന്നു. പോഷക ആഹാരക്കുറവ്, വിരശല്യം എന്നീ രോഗങ്ങൾക്ക് കുട്ടികൾക്ക് വിളർച്ചയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. അമിതമായി കാപ്പി,ചായ എന്നീ പാനീയങ്ങളുടെ ഉപയോഗം, ആവശ്യത്തിൽ കൂടുതലായി ഉള്ള പാലിന്റെ ഉപയോഗം എന്നിവ വിളർച്ചയുടെ സാധ്യത കൂട്ടുന്നു.എന്നിരുന്നാലും ആറുമാസം തൊട്ട് രണ്ടു വയസ്സുവരെ പ്രായമുള്ള മുലപ്പാൽ കുടിക്കാത്ത കുട്ടികൾക്ക് രണ്ട് നേരം പാൽ കൊടുക്കാവുന്നതാണ്. മുലയൂട്ടുന്ന കുഞ്ഞുങ്ങൾക്ക് ബട്ടർ, പനീർ മറ്റു പാൽ ഉൽപ്പന്നങ്ങൾ മിതമായ അളവിൽ നൽകാവുന്നതാണ്.
പ്രായത്തിലുള്ള അമിതമായ രക്തസ്രാവം വൻകുടലിലുള്ള കുരുക്കൾ, പൊളിപ്പ്, വിരശല്യം എന്നീ രോഗങ്ങൾ രക്തനഷ്ടത്തിനും തുടർന്ന് വിളർച്ചക്കും കാരണങ്ങളായി ഭവിക്കുന്നു.ആദ്യത്തെ ആറുമാസം നവജാതശിശുക്കൾക്ക് മുലപ്പാൽ മാത്രം നൽകുക ഇരുമ്പ് അടങ്ങിയ ഭക്ഷണം കൂടുതലായി ഉൾപ്പെടുത്തുക ഇലക്കറികൾ വിറ്റാമിൻ സി എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക എന്നീ കാര്യങ്ങൾ കൊണ്ട് നല്ലൊരു പരിധിവരെ വിളർച്ചയെ പ്രതിരോധിക്കാവുന്നതാണ്. വ്യക്തി ശുചിത്വം പരിസര ശുചിത്വം പ്രസവങ്ങൾ തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കൽ എന്നിവ ഈ രോഗത്തിന് പ്രതിരോധിക്കാനുള്ള മാർഗങ്ങളിൽ ചിലതാണ്. നമുക്ക് എല്ലാവർക്കും കൂടി വിളർച്ചയെ പ്രതിരോധിക്കാനായി രക്ത ആരോഗ്യത്തിനായി കൈകൾ ഉയർത്തണം
ലോക അനീമിയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കണ്ണൂർ ബ്രാഞ്ച് പ്രസിദ്ധീകരിക്കുന്നത്