മനുഷ്യ ജീവനുകള്‍ക്ക് വില കല്‍പ്പിക്കാത്ത വനം മന്ത്രി രാജിവെക്കണം: സജി മാത്യു

Wayanad

കല്പറ്റ: മനുഷ്യ ജീവനുകള്‍ക്ക് വില കല്‍പ്പിക്കാത്ത വനം മന്ത്രി സ്ഥാനം രാജിവെച്ച് ഒഴിയണമെന്ന് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വയനാട് ജില്ലാ പ്രസിഡന്‍റ് സജി മാത്യു ആവശ്യപ്പെട്ടു. നിരവധി ജീവനുകളാണ് ദിവസങ്ങള്‍ക്കകം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നഷ്ടമായത്. എന്നാല്‍ മന്ത്രി നിസംഗത നിലപാടാണ് ഇക്കാര്യത്തില്‍ പുലര്‍ത്തുന്നതെന്നും സജി മാത്യു കുറ്റപ്പെടുത്തി.

വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതും മനുഷ്യ ജീവനുകള്‍ അപഹരിക്കുന്നതും തടയുന്നതിന് ശക്തമായ നടപടികളാണ് ആവശ്യം. എന്നാല്‍ വനം വകുപ്പിന്‍റെ ഭാഗത്തുനിന്നും ഇതുണ്ടാകുന്നില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ക്കുപോലും വേണ്ടാത്തയാളെ മന്ത്രി കസേരയില്‍ തുടരാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നത് എന്തിനാണെന്നും സജി മാത്യു ചോദിച്ചു.

മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വന്യമൃഗ ശല്യം തുടര്‍ന്നാല് ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്കും. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ നിരവധി വാഗ്ദാനങ്ങള്‍ ഉണ്ടാകുമെങ്കിലും പിന്നീട് ഇതൊന്നും പാലിക്കപ്പെടാറില്ല. ഈ സാഹചര്യത്തില്‍ വനം മന്ത്രിയെ പുറത്താക്കാനും ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നും സജീ മാത്യു ആവശ്യപ്പെട്ടു.