ഇസ്രയേല്‍ അനുകൂല ഇന്ത്യന്‍ നിലപാട് മാപ്പര്‍ഹിക്കാത്തത്: പി ജമീല

Wayanad

കല്പറ്റ: ഇസ്രയേലിന് അനുകൂലമായിഇന്ത്യ സ്വീകരിച്ച നിലപാട് മാപ്പര്‍ഹിക്കാത്തതാണെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി ജമീല. മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം ഫലസ്തീനികളുടെ അവകാശമാണ്, ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായ് ലോകരാജ്യങ്ങള്‍ ഇടപെടുക, ഫലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ ഇന്ത്യ തുടരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്പറ്റയില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇസ്രയേല്‍ നടത്തുന്ന നിരന്തര പ്രകോപനങ്ങളും അക്രമങ്ങളും കൂട്ടക്കൊലകളുമാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്കും കാരണമായത്. രണ്ടാഴ്ച മുമ്പ് ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹു ഫലസ്തീന്‍ ഒഴിവാക്കിയ പുതിയ മിഡിലീസ്റ്റിന്റെ ഭൂപടം പുറത്ത് വിട്ട് ഫലസ്തീനികളുടെ അഭിമാനത്തെ ചോദ്യം ചെയ്തു.

ഈ വര്‍ഷത്തിന്റെ ആദ്യപാതിയില്‍ മാത്രം 1148 തവണയാണ് അധിനിവിഷ്ട ഭൂമിയിലെ അനധികൃത താമസക്കാര്‍ ഫലസ്തീനികളെ ആക്രമിച്ചത്. കഴിഞ്ഞ വര്‍ഷം ഇതുപോലുള്ള 1187 അതിക്രമങ്ങള്‍ നടന്നിരുന്നു. 2023ല്‍ മാത്രം 40 കുട്ടികള്‍ അടക്കം 248 ഫലസ്തീന്‍കാരെ ഇസ്രയേല്‍ കൊലപ്പെടുത്തി. ഇതിനെല്ലാം അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന് മൗനാനുവാദം നല്‍കുകയാരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റ് അഡ്വ. കെ എ അയ്യൂബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ടി നാസര്‍, അന്‍സാരി എനാത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹംസ ജില്ലാ കമ്മിറ്റി അംഗം സുബൈര്‍ എന്നിവര്‍ സംസാരിച്ചു.