കോഴിക്കോട് : തിരുവനന്തപുരം കേരള ബുക്സ് ആൻ്റ് എഡ്യൂക്കേഷണൽ സപ്ലൈ യേഴ് സ് ഏർപ്പെടുത്തിയ പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സാഹിത്യ പുരസ്കാരം അളകാപുരിയിൽ സാംസ്കാരിക പ്രവർത്തകർ തിങ്ങി നിറഞ്ഞ സദസ്സിൽ വച്ച് സമ്മാനിച്ചു. 15001 രൂപയും പ്രശസ്തിപത്രവും ഗുരുകുലം ബാബു പിച്ചളയിൽ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം മേയർ ഡോ. ബീനാ ഫിലിപ്പ് എഴുത്തുകാരൻഡോ. ഒ. എസ്. രാജേന്ദ്രനും (കഥാസമാഹാരംബി പോസിറ്റീവ് – സാഹിത്യ പബ്ളിക്കേഷൻസ്), കവി എൻ.എസ്. സുമേഷ് കൃഷ്ണനും (കവിതാസമാഹാരം -എൻ്റെയും നിങ്ങളുടെയും മഴകൾ – ഡിസി ബുക്സ്) എന്നിവർക്ക് വിതരണം ചെയ്തു. കവിതകളുടെയും കഥകളുടെയും ഉള്ളറകളിലേയ്ക്ക് കടന്നു ചെന്ന് മുഖ്യാതിഥി പി.കെ. ഗോപി പ്രഭാഷണം നടത്തി.

” വാക്കുകളുടെ അർഥങ്ങൾ പോലും നാം വിചാരിക്കാത്ത രീതിയിൽ മാറി
പോകുന്ന ഒരു കാലമാണിതെന്നും എം.എ. ക്ക് മയക്കുമരുന്നിൻ്റെ പേരിൽ അറിയപ്പെടാനാണ് യോഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിങ്ങളുടെ ഉള്ളിൽ നിന്ന് എന്ന് സ്നേഹം ഇല്ലാതാകുന്നുവോ അവിടെ പുസ്തകം മരിക്കും. കവിത വിടരില്ല. പക്ഷേ ഇന്ന് നമ്മൾ അങ്ങനെയൊരു ഭീതിദമായ അന്തരീക്ഷത്തിലെത്തിയിട്ടില്ലെന്നുള്ള സമാധാനമുണ്ട്.
വായനയിലൂടെ മാത്രമെ നമുക്ക് കാലത്തെ തിരിച്ചറിയുവാൻ സാധിക്കൂ.
വാക്കും വായുവും ഒന്നും മലീമസമാകരുതെയെന്നാണ് എൻ്റെ പ്രാർഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ദർശനം ഗ്രന്ഥശാല പ്രസിഡൻ്റ് പി.സിദ്ധാർഥൻ അധ്യക്ഷനായി.
ഷാഹിന ബഷീർ (ഡി സി ബുക്സ്), സുദീപ് തെക്കേപ്പാട്ട് ( സാഹിത്യ പബ്ളിക്കേഷൻസ്), പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.ഗോകുലേന്ദ്രൻ, കഥാകൃത്ത് ഡോ. ഒ.എസ് രാജേന്ദ്രൻ, കവി എൻ. എസ് സുമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ‘എൻ്റെയും നിങ്ങളുടെയും മഴക ‘ ളിൽ നിന്നുള്ള കവിതകൾ സരസ്വതി ബിജു ആലപിച്ചു. ഒ. എസ്. രാജേന്ദ്രൻ്റെ ബി പോസിറ്റീവിൽനിന്നുള്ള കഥകൾ ശ്രീലതാ രാധാകൃഷ്ണൻ വായിച്ചു. ആർട്ടിസ്റ്റ് ഗുരുകുലം ബാബുവിനെ പി.കെ.ഗോപി പൊന്നാട അണിയിച്ചാദരിച്ചു.
ദർശനം മുഖ്യരക്ഷാധികാരി എം.എ. ജോൺസൺ സ്വാഗതവും സംഘാടക സമിതി ട്രഷറർ സതീശൻ കൊല്ലറക്കൽ നന്ദിയും പറഞ്ഞു. കോഴിക്കോട് ദർശനം സാംസ്കാരിക വേദിയുടെയും സ്വതന്ത്ര ബുക്സിൻ്റെയും നേതൃത്വത്തിൽ ആണ് പുരസ്കാര വിതരണ ചടങ്ങ് സംഘടിപ്പിച്ചത്.