നെയ്യാറ്റിൻകര: പുഴകൾ മലിനമാകാതെ സംരക്ഷിക്കുന്നതിന് ശുചിത്യബോധത്തോടെ
ആതിഥേയ തീരങ്ങൾ ഒരുക്കിയും, ജൈവപ്രകൃതിയെ നിലനിർത്തിയും, തടങ്ങളും ചുറ്റുവട്ടവും ഉൽപാദനക്ഷമമാക്കിയും പുഴകളെ ശ്വസിക്കുന്ന പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ദൗത്യത്തോടെയും വിദ്യാർത്ഥികൾ റിവർ അംബാസിഡർമാരായി മാറുന്ന ഫോർട്ടി ഫോർ റിവേർസ് ഓഫ് കേരള അതിന്റെ കേന്ദ്രീകൃത സമാരംഭം നെയ്യാറിന്റെ തീരത്ത് സംസ്ഥാന തല ഉദ്ഘാടനം കുറിച്ചു.

സംസ്ഥാന ശിശുക്ഷേമ സമിതി, സന്നദ്ധ പ്രസ്ഥാനമായ വിവ ഓർഗാനിക് തീയേറ്റർ, നെയ്യാറ്റിൻകര നഗരസഭ, ഗാന്ധിമിത്ര മണ്ഡലം എന്നിവയുടെ സംയുക്തസംരംഭമായ 44 Rivers of Kerala യുടെ കാട് മുതൽ കടൽ വരെയുള്ള പ്രചരണ പരിപാടികളുടെ ഭാഗമായി അഗസ്ത്യാർകൂടത്തിലെ ആമല ഊരിൽ നിന്നും സി.കെ. ഹരീന്ദ്രൻ എം.എൽ എ ഉദ്ഘാടനം ചെയ്ത ‘ നാഞ്ചിയാർ ചാറ്റ് ‘ ഊരു മൂപ്പൻ കുഞ്ഞുരാമൻകാണിയും ഗോത്ര സമൂഹവും അവിടുത്തെ ഉറവയിൽ നിന്നും ജലം ശേഖരിച്ച് ചാറ്റുപാട്ടിൻ്റെയും, തോലാട്ടത്തിന്റെയും അകമ്പടിയോടെ നെയ്യാർ വഴിതെളിക്കാൻ കടമ്പൻ മൂത്താനുമായി യാത്ര തിരിച്ച് കേരള നവോത്ഥാനത്തിൻ്റെ ഈറ്റില്ലമായ അരുവിപ്പുറത്ത് സ്വാമി സാന്ദ്രാനന്ദ അക്ഷരക്കല്ലും സാംസ്കാരിക ജലവും നെയ്യാർ മുത്തശ്ശി ശാന്ത അമ്മയ്ക്ക് നൽകിക്കൊണ്ട് ശങ്കരൻ കുഴിയിൽ നിന്നും ആറാട്ട് കടവിലേക്ക് ‘നെയ്യാർ മുത്തശ്ശി’ എന്ന ജീവനയാത്ര നടത്തി. തുടർന്ന് ‘ കടത്താളച്ചേല്’ എന്ന പ്രചരണ പരിപാടിയിൽ കടൽ മൂപ്പൻ കടലിൽ നിന്നും ശേഖരിച്ച മീനും മുത്തും കടമ്പൻ മൂത്താന് നൽകിക്കൊണ്ട് കട്ട മരത്തിൽ പൊഴി മുറിച്ച് കടന്ന് സമന്വയ സാഗരം തീർക്കാനായി നെയ്യാറിലേക്ക് കടമ്പൻ മൂത്താനുമായി യാത്ര ചെയ്തു.
തുടർന്ന് കാർബൺ ന്യൂട്രൽ സമൂഹം എന്ന ആശയവുമായി യുവത്വം തിരുവനന്തപുരത്തു നിന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്ത് സൈക്കിൾ റാലിയിൽ 44 നദികളായി 25 കിലോമീറ്റർ പിന്നിട്ടു നെയ്യാറ്റിൻകര കൃഷ്ണപുരത്ത് ആറാട്ട് കടവിലെത്തി 44 ജലകുംഭം നെയ്യാറിലേക്ക് ഒഴുക്കി പ്രതീകാത്മകമായി ഒരു ബഹുസ്വരതയുടെ ഏകതയായി. തുടർന്ന് നെയ്യാറിൻ്റെ തീരത്ത് വിവ ഓർഗാനിക് തിയേറ്ററിൻ്റെ ജലസാംസ്കാരിക നാടകം അരങ്ങേറി.
സംസ്ഥാനതല ഉദ്ഘാടനത്തിൻ്റെ ഭാഗമായി നെയ്യാറ്റിൻകര ഗ്രാമത്തിലെ ആറാട്ടുകടവിൽ വച്ച് നെയ്യാർ മുത്തശ്ശി, മീൻമുട്ടി ഊര് മൂപ്പൻ, കടൽ മൂത്താനും കടൽപ്പാട്ടുകാരും കടമ്പൻ മൂത്താനും തെയ്യക്കോലവും, കാക്കാരശ്ശിയും കൃഷിയാളരും പൊതു പ്രവർത്തകരും കൂടി ചേർന്ന് ജലനാടകത്തിലൂടെ ജല സാംസ്കാരികതയായ നീർ കുടത്തിലേയ്ക്ക് നെയ്യാർ പ്രവാഹത്തെ സമന്വയിപ്പിച്ച് 44 റിവേഴ്സ് ഓഫ് കേരളയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചത് ഒരു പുതിയ അനുഭവമായി.
നഗരസഭാ ചെയർമാൻ പി .കെ. രാജമോഹനൻ , വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ. അനിതകുമാരി, സംസ്ഥാന ശിശു ക്ഷേമസമിതി ജനറൽ സെക്രട്ടറി അഡ്വ: ജി.എൽ.അരുൺ ഗോപി, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെൻ ഡാർവിൻ, കൗൺസിലർമാരായ ഗ്രാമം പ്രവീൺ , മഞ്ചത്തല സുരേഷ്, സൗമ്യ, ഐശ്വര്യ, പ്രസന്നകുമാർ, ഗാന്ധി മിത്രമണ്ഡലം ചെയർമാൻ അഡ്വ: ബി. ജയ ചന്ദ്രൻ നായർ, മീൻമുട്ടി ആമല ഊരുമൂപ്പൻ കുഞ്ഞിരാമൻ കാണി, നെയ്യാർ മുത്തശ്ശി ശാന്ത , ക്ലമൻ്റ് പൊഴിയൂർ, വിവ ഓർഗാനിക് തിയേറ്റർ ഡയറക്ടർ ഡോ:എസ്.എൻ. സുധീർ, പ്രസിഡന്റ് ഗീതാ ജോൺ, അജയൻ അരുവിപ്പുറം, അയ്യപ്പൻ, വി.ജെ. എബി . എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.