തിരുവനന്തപുരം: പ്രിയകവി ഒ.എന്‍.വിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേര്‍ന്നു. ഒ.എന്‍.വി കള്‍ചറല്‍ അക്കാദമിയുടെയും യൂനിവേഴ്‌സിറ്റി കോളെജ് മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒ.എന്‍.വിയുടെ ഏഴാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒ.എന്‍.വി സ്മൃതി സായാഹനമാണ് ഒ.എന്‍.വിയെ സ്‌നേഹിക്കുന്നവരുടെ സൗഹൃദ സായാഹ്നമായത്.
യൂനിവേഴ്‌സിറ്റി കോളെജിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒ.എന്‍.വിയുടെ ഭാര്യ സരോജിനി അടക്കമുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും യൂനിവേഴ്‌സിറ്റി കോളെജില്‍ ഒത്തുചേര്‍ന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. ജയകുമാര്‍, പ്രഭാ വര്‍മ്മ, എം. വിജയകുമാര്‍, ജോണി ലൂക്കോസ്, ആര്‍. ശരത്, രാധിക. സി. നായര്‍, യൂനിവേഴ്‌സിറ്റി കോളെജ് പ്രിന്‍സിപ്പല്‍ സജി സ്റ്റീഫന്‍, മലയാള വിഭാഗം മേധാവി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒ.എന്‍.വിയുടെ സൂര്യഗീതം എന്ന കവിതയുടെ സംഗീതാവിഷ്‌കാരത്തോടെയാണ് സ്മൃതി സായാഹ്നം ആരംഭിച്ചത്.
ഒ.എന്‍.വി ഗായകവൃന്ദത്തിലെ ഗായകരാണ് സുര്യഗീതം അവതരിപ്പിച്ചത്. തുടര്‍ന്ന് സായാഹ്നത്തില്‍ പങ്കെടുത്തവര്‍ ഒ.എന്‍.വിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. സായാഹ്നത്തിന്റെ ഭാഗമായി ഒ.എന്‍.വിയുടെ ജീവിതത്തിലെ വിവിധ മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. വിദ്യാര്‍ഥി കാലം മുതലുള്ള ഒ.എന്‍.വിയുടെ ചിത്രങ്ങളും ജ്ഞാനപീഠവും പത്മ പുരസ്‌കാരങ്ങളുമെല്ലാം ഏറ്റുവാങ്ങുന്ന ചിത്രങ്ങളും വിദേശ യാത്രകള്‍ക്കിടെ പകര്‍ത്തിയ അപൂര്‍വ്വ ചിത്രങ്ങളുമെല്ലാം പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.