മക്കാ ഇസ്ലാമിക സമ്മേളനം സമാപിച്ചു; മുസ്ലിം പ്രസ്ഥാനങ്ങളുടെ സഹകരണ വേദികളുണ്ടാവുമെന്ന് ഡോ. ഹുസൈൻ മടവൂർ

Gulf News GCC Saudi Arabia

മക്ക, സൗദി അറേബ്യ: വിവിധ മുസ്ലിം കർമ്മശാസ്ത്ര സരണികളും ചിന്താധാരകളും പിൻപറ്റുന്നവർക്കിടയിൽ അടുപ്പവും ഉയർന്ന സംസ്കാരമുള്ള പെരുമാറ്റവും ശക്തമാക്കണമെന്ന ആഹ്വാനത്തോടെ മക്കയിൽ നടന്ന ആഗോള ഇസ്ലാമിക സമ്മേളനം സമാപിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരം മക്കയിലെ മുസ്‌ലിം വേൾഡ് ലീഗ് ( റാബിത്വ ) ആണ് രണ്ട് ദിവസം നീണ്ട് നിന്ന ആഗോള ഇസ്ലാമിക സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിൽ മുസ്‌ലിം ഐക്യം എന്നതിന്ന് പുറമെ ഫലസ്തീൻ, സുഡാൻ, സിറിയ തുടങ്ങിയ പ്രദേശങ്ങളിലെ സമകാലീന അവസ്ഥയും മുസ്ലിം ന്യൂനപക്ഷ ങ്ങളുടെ പ്രശ്നങ്ങളും വിശകലനം ചെയ്തു.

തൊണ്ണൂറ് രാഷ്ട്രങ്ങളിൽ നിന്നായി മുന്നോറോളം പണ്ഡിതന്മാരും നേതാക്കളും മുഫ്തിമാരും പങ്കെടുത്തു. ഉദ്ഘാടന സമ്മേളത്തിൽ മക്കാ ഇമാം ശൈഖ് ഡോ. അബ്ദുല്ലാ ബിൻ അവ്വാദ് അൽ ജുഹനി ഖുർആൻ പാരായണം നിർവ്വഹിച്ചു.

സൗദി ഗ്രാൻ്റ് മുഫ്തിയും ആഗോള മുസ്ലിം പണ്ഡിത സഭാ ചെയർമാനും റാബിത്വ പ്രസിഡന്റുമായ ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് ഉദ്ഘാടന പ്രഭാഷണം നടത്തി.

മക്കാ മദീനാ ഹറം കാര്യാലയം പ്രസിഡന്റും മക്കാ മുഖ്യ ഇമാമുമായ ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്, റാബിത്വ ജനറൽ സെക്രട്ടരി ഡോ. മുഹമ്മദ് അബ്ദുൽ കരീം അൽ ഈസ തുടങ്ങിയവരും വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളും സംസാരിച്ചു.

അമ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. സമാപന സമ്മേളനം സൗദി രാജാവിൻ്റെ ഉപദേഷ്യവും മക്കാ ഇമാമുമായ ശൈഖ് ഡോ. സാലിഹ് ബിൻ അബ്ദുല്ലാ ബിൻ ഹുമൈദ് ഉദ്ഘാടനം ചെയ്തു.

മക്കാ ചീഫ് ഇമാം ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് , ഇറാൻ ഭരണകൂട വിദഗ്ധ സമിതി അംഗം ആയത്തുല്ലാ ശൈഖ് അഹ്മദ് മുബല്ലിഗീ, ഒ.ഐ.സി ജനറൽ സെക്രട്ടരി ഖുതുബ് മുസ്തഫ സാനു, നേപ്പാളിലെ പ്രമുഖ ബറേൽവി പണ്ഡിതൻ ശൈഖ് അലി മിസ്ബാഹി തുടങ്ങിയവർ സംസാരിച്ചു.

ഇന്ത്യയിൽ നിന്ന് ഓൾ ഇന്ത്യാ അഹ് ലെ ഹദീസ് പ്രസിഡന്റ് അസ്ഗർ അലി ഇമാം മഹ്ദി, കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിൻ്റെ തീരുമാനപ്രകാരം വിവിധ മുസ്ലിം വിഭാഗങ്ങളുൾക്കൊള്ളുന്ന സമന്വയ വേദികളുണ്ടാവുമെന് ഡോ.ഹുസൈൻ മടവൂർ അറബ് മാധ്യമങ്ങളോട് പറഞ്ഞു. സമ്മേളനത്തിൻ്റെ ശീർഷകമായ ” വിവിധ മുസ്ലിം കർമ്മശാസ്ത്ര ചിന്താസരണികൾക്കിടയിൽ പാലം നിർമ്മിക്കൽ” ( Building bridges) എന്നത് ഏറെ വശ്യവും ഹൃദ്യവുമായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾക്ക് മനുഷ്യനോളം പഴക്കമുണ്ട്. ഇസ്ലാമിൻ്റെ ആദ്യ കാല അനുയായികളായ സഹാബിമാർക്കിടയിൽ പോലും പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അതിപ്പോഴുമുണ്ട്.
ഇനിയും തുടരുകയും ചെയ്യും.

അഭിപ്രായവ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ മുസ്ലിംകൾക്ക് പൊതു പ്രശ്ങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാനാവുമെന്നാണ് സമ്മേളനം ആവശ്യപ്പെടുന്നതെന്നു ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.