കൈത്തക്കര കുണ്ടനിപ്പാടത്ത് ട്രാക്ടർ പാത നിർമ്മാണം തുടങ്ങി, പ്രദേശത്തെ കർഷകർക്ക് ആശ്വാസമാകും

Malappuram

തിരുന്നാവായ : കർഷകർക്ക് ഏറെ ഗുണകരമാകുന്ന കൈത്തക്കര കുണ്ടനിപ്പാടത്ത് ട്രാക്ടർ പാതയുടെ നിർമ്മാണ പ്രവൃത്തി തുടങ്ങി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് ട്രാക്ടർ പാത ഒരുങ്ങുന്നത്. കൃഷിയിടങ്ങളിലേക്ക് സഞ്ചാര പാത ഇല്ലാത്തതിനാൽ കർഷകർ ഏറെ പ്രയാസത്തിലായിരുന്നു.പ്രദേശത്തെ കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി ട്രാക്ടർ പാത നിർമ്മിക്കുന്നതോടെ കർഷകർക്ക് ഏറെ ആശ്വാസമാകും.

വിവിധ ഇനം നെൽകൃഷിയും അനുബന്ധ കൃഷികളും ചെയ്തുവരുന്ന പാടത്ത് ചുമടുമായിട്ടാണ് കർഷകർ ആവശ്യ സാധനങ്ങൾ എത്തിക്കുന്നത്. ട്രാക്ടർ പാത നിർമ്മാണം പൂർത്തിയാകുന്നതോടെ കാർഷിക വാഹനങ്ങൾ സഞ്ചരിക്കുന്നതിനും നിലവിലെ കൃഷിക്ക് പുറമെ ഏക്കർ ക്കണക്കിന് നെൽ കൃഷി ചെയ്യുമെന്നാണ് കർഷകർ പറയുന്നത്. പ്രവർത്തനോത്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.റംഷീദ ടീച്ചർ നിർവ്വഹിച്ചു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് അംഗം ഐ വി. അബ്ദുള്ള കുട്ടി അധ്യക്ഷത വഹിച്ചു. അടിയാട്ടിൽ അബ്ദു റഹിമാൻ, കെ.പി.മൊയ്തീൻ, കുഞ്ഞീൻ കൈത്തക്കര, മുഹമ്മദ് കുട്ടി എടയത്ത്, ഐ.വി.കുഞ്ഞി ബാവ, സി. അബ്ദുസ്സമദ്, മുനവ്വർ എടയത്ത്, റഫീഖ് വെട്ടൻ, ഇ.മാനു ഹാജി, വി. മൊയ്തീൻ കുട്ടി എന്നിവർ സംബന്ധിച്ചു.