ളാലം പാലത്തില്‍ അപകട ഭീഷണി ഉയര്‍ത്തി തുരുമ്പെടുത്ത ഇരുമ്പ് ഫ്രെയിം; അധികൃതര്‍ അപകടത്തെ മാടിവിളിക്കുന്നുവെന്ന് പരാതി

Kottayam

പാലാ: പാലത്തിന്റെ കൈവരിയില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡിന്റെ ഇരുമ്പ് ഫ്രെയിം തുരുമ്പെടുത്ത് കൂര്‍ത്ത അഗ്രത്തോടുകൂടി ആളുകള്‍ക്കു ഭീഷണിയായി നില്‍ക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. പാലാ നഗരസഭ ഓഫീസ് സമുച്ചയത്തിന്റെ മുന്നില്‍ ളാലം പാലത്തിലാണ് കാല്‍നടക്കാര്‍ക്കു ഭീഷണി ഉയര്‍ത്തി ദ്രവിച്ചു തുരുമ്പെടുത്ത ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്. ഇത് സ്ഥാപിച്ചിരിക്കുന്ന തൂണില്‍ നിന്നും വിട്ടിളകി ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. സാമാന്യം ശക്തിയായി കാറ്റടിച്ചാല്‍ ഇളകി തെറിച്ച് റോഡിലൂടെ നടന്നുപോകുന്ന ഏതെങ്കിലും ഹത്യ ഭാഗ്യന്റെ ശരീരത്തില്‍ തറച്ചു കയറാറുന്ന രീതിയില്‍ അപകടകരമായ അവസ്ഥയിലാണ് ഇപ്പോഴിതുള്ളത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി കാല്‍നടക്കാര്‍ ഏതുസമയവും ഇതുവഴി കടന്നു പോകുന്നുണ്ട്.

പരസ്യത്തിന്റെ കാലാവധി കഴിഞ്ഞിട്ടും കരാറുകാരന്‍ ഇതു നീക്കം ചെയ്യാത്തതും നീക്കം ചെയ്യാത്തതിനെതിരെ ളാലം പാലത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് കൃത്യസമയത്ത് നടപടിയെടുക്കാത്തതുമാണ് അപകടാവസ്ഥയില്‍ ഇതു ഇങ്ങനെ തുടരാന്‍ കാരണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. ഈ പാലത്തിലെയും മറ്റു സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകളുടെ കാലാവധി കഴിഞ്ഞ ഫ്രെയിമുകള്‍ മിക്കതും അപകടാവസ്ഥയിലാണെന്നും ഫൗണ്ടേഷന്‍ ആരോപിച്ചു.

പൊതുമരാമത്ത് വകുപ്പ് സീബ്രാലൈന്‍ വരയ്ക്കാതെ ഗുരുതരമായ അനാസ്ഥ കാട്ടിയതുമൂലം െ്രെപവറ്റ് ബസ് സ്റ്റാന്റില്‍ വയോധിക വാഹനം കയറി മരിച്ചതും കുന്നേമുറി പാലത്തിനു സമീപം അപകടകരമാം വിധം റോഡിനോട് ചേര്‍ന്ന് നടപ്പാത കൈയ്യേറി സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ലാബ് ഓട്ടോ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചതും അടുത്ത കാലത്താണ്. തുരുമ്പെടുത്ത ഇരുമ്പു ഫ്രെയിം മൂലം അപകടം സംഭവിച്ചാല്‍ പൂര്‍ണ്ണ ഉത്തരവാദി പാലത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് വിഭാഗത്തിനായിരിക്കുമെന്നും ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കി. ഇതു സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കു പരാതിയും നല്‍കി.

ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പില്‍, ബിനു പെരുമന, ബിപിന്‍ തോമസ്, ജോബി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *