ആയഞ്ചേരി: മംഗലാട്ടെ കർഷകർക്ക് കറുത്ത ദിനങ്ങൾ സമ്മാനിക്കുകയാണ് പന്നിക്കൂടങ്ങൾ. പകൽ സമയത്ത് പോലും കൂട്ടമായി സഞ്ചരിക്കുന്ന പന്നികൾ പ്രദേശത്തെ കാർഷിക വിളകൾ ഒന്നടക്കം നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വെബ്രോളി കുഞ്ഞമ്മതിൻ്റെ വാഴത്തോട്ടത്തിലെ മുപ്പതോളം വാഴകളാണ് നശിപ്പിച്ചത്. പള്ളിക്കുനി ഇബ്രാഹിമിൻ്റെയും, പനയുള്ളതിൽ അമ്മത് ഹാജിയുടെയും ഉൾപ്പെടെ ഒട്ടേറെ കർഷകരുടെ വാഴകളും തെങ്ങിൽ തൈകളും ചേമ്പുകളും മറ്റും നശിപ്പിച്ചിരുന്നു. കർഷകർ കൃഷി ഇറക്കാൻ മടിക്കുന്നത് ഭാവിയിൽ ഭക്ഷ്യക്ഷാമത്തിന് കാരണവും എന്നതിൽ തർക്കമില്ല. ലൈസൻസ് ഉള്ള ആളുകൾക്ക് ക്ഷാമമായത് കൊണ്ട് കൊന്നൊടുക്കാൻ പ്രയാസപ്പെടുന്നുണ്ട്. മാത്രവുമല്ല ലൈസൻസുള്ള തോക്കുകാർക്ക് വലിയ തുക കൊടുക്കേണ്ടതും വലിയ ബാധ്യത ആവുകയാണ്. നിയമപ്രകാരം ഒരു പന്നിയെ വെടിവച്ചു കൊന്നാൽ 2000 രൂപ മാത്രമേ പഞ്ചായത്തിന് കൊടുക്കാൻ അനുവാദമുള്ളൂ.
ജീവചക്രം താളം തെറ്റുന്നതാണ് വന്യജീവികൾ പെരുകാനുള്ള കാരണമായിട്ടുള്ളത്. അത്കൊണ്ട് അധികമുള്ളതും ഭീഷണിയാവുന്നതുമായ ജീവികളെ കൊന്നൊടുക്കാൻ ജനങ്ങൾക്ക് അനുമതി നൽകേണ്ടിയിരിക്കുന്നു. വിളകൾ നശിപ്പിച്ച സ്ഥലം ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ സന്ദർശിച്ചു. കർഷകരെല്ലാം ഇൻഷൂറൻസ് എടുത്ത് സംരക്ഷിതരാവണമെന്നും മെമ്പർ പറഞ്ഞു. വെബ്രോളി കുഞ്ഞമ്മത് , പുലയൻ കുനി പോക്കർ, വെബ്രോളി ബഷീർമാസ്റ്റർ, വെബ്രോളി അബ്ദുള്ള തുടങ്ങിയവർ സംബന്ധിച്ചു.
