ത്രിപുര യാത്രാവിവരണം: നര്‍കേല്‍ കുഞ്ച

Travel

വി.ആര്‍.അജിത് കുമാര്‍ (ഏഴാം ഭാഗം)

അവിടെനിന്നും ഞങ്ങള്‍ കാട്ടിലൂടെയുള്ള യാത്ര തുടര്‍ന്നു.ഗോമതി നദി ഉത്ഭവിക്കുന്ന ഇടത്തേക്കാണ് യാത്ര. ഡംബൂര്‍ തടാകത്തിന് തൊട്ടുമുകളില്‍ നിന്നാണ് ഗോമതി നദി തുടങ്ങുന്നത്. അവിടെത്തന്നെ റയ്മ,ശര്‍മ്മ എന്നീ നദികളും വന്ന് ചേരുന്നു. ഗോമതി തുടങ്ങുന്നതിന് സമീപമായി ഒരു ജലവൈദ്യുത പദ്ധതിയുമുണ്ട്. അതുകൊണ്ട് കൂടിയാകാം അവിടെ നാല്പ്പത്തിയൊന്ന് ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള, ഒരു തടാകം രൂപപ്പെട്ടിരിക്കുന്നത്. ഡമര്‍ എന്ന സംഗീതോപകരണത്തിന്‍റെ ആകൃതിയാണ് ഇതിന്.ഡംബൂരില്‍ 48 ദ്വീപുകളാണുള്ളത്.മഞ്ഞുകാലത്ത് ധാരാളം ദേശാടന പക്ഷികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ് ഡംബൂര്‍. അവിടത്തെ വലിയ ദ്വീപായ നര്‍കേല്‍ കുഞ്ച ത്രിപുര വിനോദസഞ്ചാര വകുപ്പ് ഒരു റിസോര്‍ട്ടായി വികസിപ്പിച്ചിരിക്കുന്നു.ഇവന്‍റ് മാനേജ്മെന്‍റും കാറ്ററിംഗും ഹോട്ടലുകളും നടത്തിവരുന്ന ഹീറോ ദീപ് എന്ന സ്ഥാപനമാണ് റിസോര്‍ട്ട് നടത്തുന്നത്.പ്രകൃതി ഭംഗി ആസ്വദിക്കാനും മെഡിറ്റേറ്റ് ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്ക് ത്രീ സ്റ്റാര്‍ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന റിസോര്‍ട്ടാണ് നരികേല്‍ കുഞ്ച. അവിടെയാണ് ഇന്ന് രാത്രി ഞങ്ങളുടെ താമസം. അഗര്‍ത്തല നിന്നും 120 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ സന്ധ്യയായിരുന്നു. നര്‍കേല്‍ കുഞ്ചിലേക്ക് എത്താനായി ഒരു നടപ്പാലം നിര്‍മ്മിച്ചിട്ടുണ്ട്. പാലവും പരിസര പ്രദേശങ്ങളും ദീപങ്ങള്‍കൊണ്ട് അലങ്കരിച്ചിരുന്നു.നടപ്പാലത്തിലൂടെ ഇരുചക്ര വാഹനങ്ങള്‍ക്ക് പോകാം.വിഷ്ണു ബുള്ളറ്റില്‍ തന്നെ ദ്വീപിലേക്ക് പോയി. ലഗേജ് കാറില്‍ നിന്നെടുത്ത് നടന്ന് ഞങ്ങളും ദ്വീപിലെത്തി. നല്ല തണുപ്പുള്ള കാലാവസ്ഥ.നിരനിരയായി നില്ക്കുന്ന തടികൊണ്ടുള്ള ഹട്ടുകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.ഞങ്ങളും ഹട്ടിലാണ് താമസിച്ചത്. തികച്ചും മെച്ചമായ താമസ സൌകര്യം. ഒരു ബെഡ്റൂമും ചെറിയ ഹാളും വരാന്തയും. രാവിലെ ദ്വീപ് കണ്ടാസ്വദിക്കണം എന്ന് തീരുമാനിച്ച ശേഷം ഭക്ഷണം കഴിച്ച് ഉറക്കമായി.

പ്രഭാതത്തിലെ കാഴ്ചകള്‍ തീരെ മങ്ങിയതായിരുന്നു. തടാകം തെളിഞ്ഞത് മെല്ലെ മെല്ലെയാണ്.അവിടവിടെ ചെറുതുരുത്തുകള്‍ കാണാം. കടവില്‍ ബോട്ടുകള്‍ വിനോദ സഞ്ചാരികളെ കാത്ത് നില്‍ക്കുന്നു. വറുത്ത മീനും ഇറച്ചിയുമൊക്കെ തയ്യാറാക്കുന്ന ഒരു സ്ത്രീ ബോട്ട് സര്‍വ്വീസ് നടക്കുന്നതിനടുത്ത് അവരുടെ ഉപജീവനം തേടുന്നു. നര്‍കേല്‍ കുഞ്ചില്‍ തെങ്ങുകള്‍ ധാരാളമുണ്ട്.ഒരാള്‍ തെങ്ങില്‍ കയറുന്നുണ്ടായിരുന്നു.കരിക്ക് അടക്കാനുള്ള ശ്രമമാണ്. ഒരു കുട്ടിയും മുതിര്‍ന്നൊരാളും ഒരു ചാക്കിന്‍റെ ഇരുവശവും പിടിച്ചു നില്‍ക്കുന്നു. കരിക്ക് താഴെ വീണ് പൊട്ടാതിരിക്കാന്‍ അടക്കുന്ന ആള്‍ ഓരോന്നായി ചാക്കിലേക്ക് എറിഞ്ഞു കൊടുക്കുന്നു. നാട്ടില്‍ മാങ്ങ പറിക്കുമ്പോഴാണ് ഈ കാഴ്ച കണ്ടിട്ടുള്ളത്. ആ കുട്ടിയുടെ സുരക്ഷ സംബ്ബന്ധിച്ച് ഒരു ഭയമുണ്ടായി എങ്കിലും അതിന് അടിസ്ഥാനമില്ല എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.കൊല്ലം ജില്ലയിലെ അഷ്ടമുടിയെ ഓര്‍മ്മിപ്പിക്കുന്ന ഇവിടെ മണ്‍ട്രോതുരുത്തിലെപോലെ ജനവാസമില്ല എന്നത് പ്രത്യേകതയാണ്. അതിഥികള് മാത്രമെ ഇവിടെ ഉണ്ടാവുകയുള്ളു.പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണമുണ്ട്. നരികേല്‍ കുഞ്ച ടൂറിസം കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് അതിന്‍റെ അധികാരം.30 രൂപ ടിക്കറ്റില്‍ പൊതുജനത്തിന് ദ്വീപില്‍ കയറാം.എന്നാല്‍ അതിഥികളുള്ള ഇടത്ത് പ്രവേശനമില്ല.✍️(തുടരും)