ത്രിപുര: നീര്‍മഹല്‍

Travel

യാത്രാവിവരണം/വി.ആര്‍.അജിത് കുമാര്‍ (ഭാഗം അഞ്ച്)

അഗര്‍ത്തലയില്‍ നിന്നും 53 കിലോമീറ്റര്‍ അകലെ സെപാഹിജല ജില്ലയിലെ മേലാഘറിലാണ് നീര്‍ മഹല്‍ സ്ഥിതി ചെയ്യുന്നത്. 1930 കളില് മഹാരാജ ബിര്‍ ബിക്രം കിഷോര്‍ മാണിക്യ ബഹദൂറാണ് ഈ വേനല്‍ക്കാല കൊട്ടാരം പണിയിച്ചത്.റയില്‍വേ സ്റ്റേഷന്‍ കണ്ടശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്ന് ഒന്‍പതുമണിക്ക് രാജ്ഘട്ട് ഫെറിയിലെത്തി. പുതപ്പണിഞ്ഞു നില്‍ക്കുന്ന പ്രകൃതിക്ക് മാറ്റമൊന്നുമില്ല.പത്തു മണിക്കേ ടൂറിസ്റ്റുകള്‍ക്കുള്ള ഫെറി സര്‍വ്വീസ് തുടങ്ങുകയുള്ളു.തടാകം പോലും വ്യക്തമായി കാണാന് കഴിയുന്നില്ല. അതിന് നടുക്കാണ് കൊട്ടാരം എന്ന് അപൂര്‍വ്വ പറഞ്ഞു.കൊട്ടാരം എന്തോ ഒരു ചെറിയ സംവിധാനമാകും എന്നേ കരുതിയുള്ളു. അല്പ്പസമയം കഴിഞ്ഞപ്പോള് അപൂര്‍വ്വ ചോദിച്ചു, ചെറു വള്ളത്തില് പോകാമോ? പിന്നെന്താ എന്നായി ഞങ്ങള്‍. അങ്ങിനെ സഞ്ജിത് ബര്‍മ്മന്‍ തുഴയുന്ന കൊതുമ്പു തോണിയില്‍ ഞങ്ങള്‍ കയറി. തറയില് തുഴ ഊന്നിയല്ല യാത്ര. ഒരു തുളയിലൂടെ പുറത്തേക്കിട്ടിരിക്കുന്ന തുഴ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാണ് വള്ളത്തെ നീക്കുക.ചെളി ഉള്ളതുകൊണ്ടാകാം മുള ഊന്നി വേഗത്തില് പോകാന്‍ കഴിയാത്തത്. തടാകത്തിലൂടെ മുന്നോട്ട് നീങ്ങും തോറും ജലക്കൊട്ടാരം മറനീക്കി പുറത്തുവരാന് തുടങ്ങി. ആദ്യം ഒരു നിഴല്‍ പോലെ തോന്നിയ കൊട്ടാരം പിന്നീട് ഒരു കട്ടൌട്ട് പോലെയും ഒടുവില്‍ ഒരു കോട്ടയുടെ ഭിത്തിപോലെയുമാണ് തോന്നിച്ചത്. അവിടേക്ക് അടുക്കും തോറും നീര്‍മഹലിന്‍റെ വലുപ്പം ഞങ്ങളെ അത്ഭുതപ്പെടുത്തി. അകം കാഴ്ചകള്‍ അതിലേറെയും അതിശയകരമായിരുന്നു. സഞ്ചാരികള് എത്തുംമുന്നെയുള്ള പ്രഭാതത്തിലെ കാഴ്ച വേറിട്ടൊരനുഭവമായി.

രാജസ്ഥാനിലെ ഉദയ്പൂര് കൊട്ടാരം കഴിഞ്ഞാല്‍ ഏറ്റവും വലിയ ജലക്കൊട്ടാരമായി നീര്‍മഹല് കണക്കാക്കപ്പെടുന്നു.രുദ്രസാഗര്‍ തടാകത്തിലാണ് ഇത് നില്‍ക്കുന്നത്.ഹിന്ദു-മുഗള്‍ നിര്‍മ്മാണ രീതികള് അടിസ്ഥാനമാക്കി മാര്‍ട്ടിന്‍ ആന്‍റ് ബണ്‍സ് എന്ന ബ്രിട്ടീഷ് കമ്പനിയാണ് നിര്‍മ്മാണം നടത്തിയത്. മാര്‍ബിളും കല്ലും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള കൊട്ടാരത്തിന് അനേകം ബാല്‍ക്കണികളും ടവറുകളും പവിലിയനുകളും കെട്ടിടങ്ങളെ ബന്ധിക്കുന്ന പാലങ്ങളുമുണ്ട്. 1930 ല്‍ ആരംഭിച്ച നിര്‍മ്മാണം 1938 ല് പത്ത് ലക്ഷം രൂപ ചിലവിലാണ് പൂര്‍ത്തിയാക്കിയത്.കൊട്ടാരത്തിന് രണ്ട് ഭാഗങ്ങളുണ്ട്. രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പടിഞ്ഞാറെ പാലസ്സും കിഴക്കു ഭാഗത്തുള്ള ഓപ്പണ് എയര്‍ തീയറ്ററും. ഓപ്പണ്‍എയര്‍ തീയറ്ററിലാണ് നൃത്തവും പാട്ടും മറ്റ് സാംസ്ക്കാരിക പരിപാടികളും നടന്നിരുന്നത്.

24 മുറികളാണ് നീര്‍മഹലില്‍‍ ഉള്ളത്. സന്ദര്‍ശക മുറിയും കിടപ്പു മുറികളും ഡൈനിംഗ് ഹാളും ഡാന്‍സിംഗ് ഹാളും അമ്യൂസ്മെന്‍റ് റൂമും ഡര്‍ബാര്‍ ഹാളും വാച്ച് ടവറുകളും ഗാര്‍ഡ് റൂമും ജനറേറ്റര്‍ റൂമും അടുക്കളയും കൊട്ടാരത്തിന്‍റെ ഭാഗമായുണ്ടായിരുന്നു. രാജാവിനും റാണിക്കും ബോട്ടില്‍ വന്നിറങ്ങാന്‍ പ്രത്യേക യാര്‍ഡും അവിടെനിന്നും കയറാന്‍ പ്രത്യേക പടികളും നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടത്തെ ടെറസ് ഗാര്‍ഡനും വളരെ പ്രശസ്തമായിരുന്നു.അനേക കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന കൊട്ടാരത്തിന്‍റെ മൂല്യവത്തായ പല അംശങ്ങളും നഷ്ടപ്പെട്ടു പോയിരുന്നു. എങ്കിലും നല്ല രീതിയില്‍ നവീകരിച്ച് സൂക്ഷിക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്.അടുത്ത കാലത്തായി ഒരു ലൈറ്റ് ആന്‍റ് സൌണ്ട് ഷോയും വിനോദസഞ്ചാരികള്‍ക്കായി ആരംഭിച്ചിട്ടുണ്ട്.

തടാകത്തിന് ചുറ്റിലുമായി നൂറുകണക്കിന് മനുഷ്യര്‍ വസിക്കുന്നു. അവര്‍ക്ക് മീന്‍ വളര്‍ത്താനായി ഇടവും അനുവദിച്ചിട്ടുണ്ട്. രാത്രിയില്‍ മീന്‍ മോഷണം നടക്കാറുള്ളതിനാല്‍ കുടുംബത്തിലെ ഒരംഗം തടാകത്തിന് മുകളിലായി തയ്യാറാക്കിയ മുള ഷെഡില് താമസിക്കും. ജലത്തില് കുളവാഴ പോലെ വളരുന്ന ചിച്ചിരി ത്രിപുരക്കാരുടെ പ്രിയഭക്ഷണമാണ്. രുദ്രസാഗറിലും അവര്‍ ചിച്ചിരി വളര്‍ത്തുന്നുണ്ട്. രുചികരമായ വിഭവങ്ങളാണ് അവര്‍ ചിച്ചിരി ഉപയോഗിച്ച് തയ്യാറാക്കുന്നത്. നീര്‍മഹല്‍ കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ മടങ്ങിയെങ്കിലും ആ കാഴ്ച മനസ്സില് നിറഞ്ഞു നില്ക്കുകയാണ്.✍️(തുടരും)