അഷറഫ് ചേരാപുരം
കോഴിക്കോട്: തന്റെ മഹത്തായ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിന് ഒരു പടവുകൂടി കയറിയ സാഫല്യത്തിലാണ് മുഹമ്മദ് ഇഖ്ബാല്‍. വിശുദ്ധ ഖുര്‍ആന്‍ അധ്യാപനത്തില്‍ സൈന്‍ ഭാഷയെ ഏകീകരിക്കുക എന്ന ചരിത്ര ദൗത്യത്തില്‍ മുഴുകിയിരിക്കയാണ് ഈ മനുഷ്യ സ്‌നേഹിയായ അസം സ്വദേശി.
ഖുര്‍ആന്‍ പിറന്ന നാട്ടില്‍ തന്നെ പോയി അതിന്റെ ഭിന്ന ശേഷി അധ്യാപന പാഠങ്ങള്‍ കരസ്ഥമാക്കിക്കൊണ്ടിരിക്കയാണ് ഇഖ്ബാല്‍. സഊദി അറേബ്യ റിയാദ് ഉമ്മുല്‍ ഹമാമിലെ ജാമിയ ശഫിയ തഅലീമുല്‍ ഖുര്‍ആനില്‍ നിന്നും നിലവില്‍ എട്ട് അധ്യായങ്ങളുടെ സൈന്‍ ഭാഷ ആധികാരികമായി പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന് ലഭിച്ചു.

ലോകമാനവര്‍ക്ക് അനുഗ്രഹമായി ലഭിച്ച ദൈവിക ഗ്രന്ഥം ഭിന്ന ശേഷിക്കാര്‍ക്ക് കരഗതമാക്കാനുള്ള നീണ്ട പരിശ്രമത്തിന്റെ ഭാഗമായാണ് അസം സ്വദേശിയും ഇപ്പോള്‍ കോഴിക്കോട്ട് സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഇഖ്ബാല്‍ സഊദിയിലെത്തുന്നത്. മദീന മസ്ജിദുന്നബവിയിലെ ഇമാം അബ്ദുല്‍ ഖാസിം അല്‍ മുഹ്‌സിനെ ബന്ധപ്പെട്ടപ്പോഴാണ് ഉമ്മു ഹമാമിലെ ഈ സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി ഇവിടെ പ്രവര്‍ത്തിക്കുന്ന ശഫീയ എന്ന സ്ഥാപനം ഈ മേഖലയില്‍ ഏറെ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ആംഗ്യ ഭാഷയിലൂടെയുള്ള ഖുര്‍ആന്‍ പഠനത്തിന് വിവിധ സ്ഥലങ്ങളില്‍ വിവിധ രൂപമാണ് നിലവിലുള്ളത്. ഇത് ഏകീകരിക്കുകയും ആധികാരികമാക്കുകയും ചെയ്യുകഎന്ന പ്രയത്‌നം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് മുഹമ്മദ് ഇഖ്ബാല്‍ പറയുന്നു.
ഖുര്‍ആന്റെ അര്‍ഥവും ആശയവും തെറ്റായരീതിയില്‍ പ്രബോധനം ചെയ്യപ്പെടുന്നത് ഇല്ലാതാക്കാന്‍ അതിന്റെ ആംഗ്യ ഭാഷയുടെ ഏകീകരണം അനിവാര്യമാണ്. നേരത്തെ 18 ഭാഷകളിലായി അറബി അക്ഷരമാലകളുടെ സൈന്‍ പുസ്തകം ഇറക്കിയ ആളാണ് മുഹമ്മദ് ഇഖ്ബാല്‍. ഭിന്ന ശേഷിക്കാരുടെ അറിവും അധ്യാപനവും ലക്ഷ്യമാക്കി വിവിധ രാജ്യങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. തന്റെ കണ്ടെത്തലുകള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ എപ്പോഴും തയാറുള്ള ഇഖ്ബാല്‍ വിശുദ്ധ ഖുര്‍ആനിന്റെ ബാക്കി അധ്യായങ്ങളുടെ സൈന്‍ ഭാഷകൂടി പഠിക്കാന്‍ കാത്തിരിക്കയാണ്.
മുഹമ്മദ് ബിന്‍ ഹൈജാന്‍ സഹബി എന്നയാള്‍ സ്ഥാപിച്ചതാണ് ഉമ്മു ഹമാമിലെ ഉമര്‍ബിന്‍ ഖത്താബ് പള്ളിക്കടുത്തുള്ള ശഫീയ എന്ന സ്ഥാപനം. അലിയുബിനു ബഹ്നിയാണ് ഇതിന്റെ മേധാവി. ഉസ്താദ് ഫഹിമിയാണ് ഇവിടുത്തെ പ്രധാന അധ്യാപകന്‍. ഇദ്ദേഹത്തില്‍ നിന്നാണ് ഇഖ്ബാല്‍ ആഗ്യഭാഷ പഠിക്കുന്നത്.
രാജ്യത്തിന് പുറത്തു നിന്നും സേവന തത്പരതയോടെ ഇവിടെ പഠിക്കാനെത്തിയ ആദ്യ വ്യക്തിയാണ് താനെന്ന് മുഹമ്മദ് ഇഖ്ബാല്‍ പറയുന്നു.താൻ ആർജിച്ച വിജ്ഞാനം സമൂഹത്തിന് പകർന്നു നൽകാൻ അദ്ദേഹം തയ്യാറാണ്.