സർഗാത്മകത മാനവികതയെ പരിപോഷിപ്പിക്കാനാവണം: പി.കെ പാറക്കടവ്

Kozhikode

ഫറോക്ക്: സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ജീർണതകളെയും അധാർമ്മികതകളെയും സർഗബോധം കൊണ്ട് പ്രതിരോധിക്കണമെന്നും സർഗാത്മകത മാനവികതയെ പരിപോഷിപ്പിക്കുന്നതാവണമെന്നും കഥാകൃത്ത് പി.കെ പാറക്കടവ് അഭിപ്രായപ്പെട്ടു. റൗളത്തുൽ ഉലൂം അറബിക് കോളേജ് വിദ്യാർത്ഥി യൂണിയൻ്റെ ആഭിമുഖ്യത്തിൽ പുറത്തിറങ്ങിയ ‘കലന്ദിക’ മാഗസിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയും എഴുത്തും കലയും സാഹിത്യവും നമ്മെത്തന്നെ സംസ്കരിച്ചെടുക്കാൻ കൂടിയാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ.യു.എ കോളേജ് വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കിയ മാഗസിൻ കഥാകൃത്ത് പി.കെ പാറക്കടവ് പ്രകാശനം ചെയ്യുന്നു

പ്രിൻസിപ്പാൾ പ്രൊഫ. ഷഹദ് ബിൻ അലി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് എഡിറ്റർ പി.പി നവാസ് മാഗസിൻ പരിചയപെടുത്തി. ചടങ്ങിൽ എൻ.വി ആസിയ കോളേജ് ലൈബ്രറിയിലേക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ ഡോ. അയ്മൻ ശൗഖി കോളേജിന് സമർപ്പിച്ചു. ആർ.യു.എ കോളേജ് മാനേജിംഗ് കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി ഡോ.വി.എം അബ്ദുൽ മുജീബ്, അസോസിയേറ്റ് പ്രൊഫസർ സി.കെ ഉസ്മാൻ ഫാറൂഖി, ഐ.ക്യു.എ.സി കോഡിനേറ്റർ ഡോ. ഫഹദ്, ലൈബ്രേറിയൻ കെ ശരീഫ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോ പി.കെ ജംഷീർ സ്വാഗതവും അസോസിയേറ്റ് എഡിറ്റർ പാർത്ഥൻ നന്ദിയും പറഞ്ഞു.