പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പാലായില്‍ ആരംഭിക്കണം: മാണി സി കാപ്പന്‍

Kottayam

പാലാ: കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം നിര്‍ത്തലാക്കിയ പശ്ചാത്തലത്തില്‍ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈയില്‍ പാലായില്‍ പാസ്‌പോര്‍ട്ട് കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന പ്രവാസകാര്യമന്ത്രി, ചീഫ് പോസ്റ്റുമാസ്റ്റര്‍ ജനറല്‍ എന്നിവര്‍ക്കു നിവേദനം നല്‍കിയിരുന്നതായി എം എല്‍ എ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലപരിശോധനയും നടത്തിയിരുന്നു. എന്നാല്‍ കോട്ടയം പാര്‍ലെമെന്റ് നിയോജക മണ്ഡലത്തില്‍ ഒരു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അപേക്ഷ പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു അറിയിപ്പ് ലഭിച്ചിരുന്നു.

പാലാ ഹെഡ് പോസ്‌റ്റോഫീസില്‍ പോസ്‌റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. കോട്ടയം ജില്ലയിലെ മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൊന്‍കുന്നം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും ഇടുക്കി ജില്ലയിലെ കുമളി,പീരുമേട്, ഏലപ്പാറ,വാഗമണ്‍,മൂലമറ്റം,തൊടുപുഴ, മേഖലയില്‍ ഉള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലെ റാന്നി, മണിമല പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം,പിറവം ഇലഞ്ഞി പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ഈ കേന്ദ്രത്തില്‍ എളുപ്പത്തില്‍ എത്തിചേരുന്നതിനും സേവനം ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുമെന്ന് എം എല്‍ എ ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തിവച്ച സാഹചര്യത്തില്‍ പാലായിലെ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടം പ്രയോജനപ്പെടുത്തി പാലായില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പന്‍ നിര്‍ദേശിച്ചു. ഇതു സംബന്ധിച്ചു വീണ്ടും നിവേദനം നല്‍യിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *