പാലാ: അറിവും അവസരങ്ങളും ലഭിക്കുമ്പോള്‍ യുവജനങ്ങള്‍ രാജ്യപുരോഗതിക്കു പ്രേരകശക്തിയായി മാറുമെന്നു മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ആസാദി കാ അമൃതോത്സവിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ നടത്തിയ ദേശീയഗീത് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ അല്‍ഫോന്‍സാ കോളജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയും എന്‍ സി സി കേഡറ്റുമായ അനഘ രാജു, ജെ ഇ ഇ മെയിന്‍ പരീക്ഷയില്‍ നൂറ് പെര്‍സെന്റെയില്‍ സ്‌കോര്‍ നേടിയ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ വിദ്യാര്‍ത്ഥി ആഷിക് സ്‌റ്റെനി എന്നിവര്‍ക്കു എം എല്‍ എ എക്‌സലന്റ് അവാര്‍ഡു നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തില്‍ യുവജനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി. ശക്തമായ പ്രചോദനവും ഇച്ഛാശക്തിയും വളര്‍ത്തിയെടുക്കുന്നതിനുള്ള ഏറ്റവും മൂല്യവത്തായ മാനവവിഭവസമ്പത്താണ് യുവാക്കളുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റെജീനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. കോളജ് ബര്‍സാര്‍ റവ ഡോ ജോസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, മഹാത്മാഗാന്ധി നാഷണല്‍ ചെയര്‍മാന്‍ എബി ജെ ജോസ്, ഡോണാ റോസ് മാത്യു, മാളവിക ജി രമേശ്, സ്‌റ്റെനി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.