ഹരിത ഭവനത്തിന് ഫലശ്രുതി; ‘വിജയാരവം’ ശില്പശാല നടത്തി

Kozhikode

കോഴിക്കോട്: ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെൻറ് സഹകരണത്തോടെ നടപ്പിലാക്കിയ ഹരിത ഭവനം പദ്ധതിക്ക് ഫലശ്രുതിയായി വിജയാരവം ശില്പശാല നടത്തി. ശുചിത്വമിഷന്റെ സഹകരണത്തോടെ കൈരളി ശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾ ചേർന്ന് നടപ്പിലാക്കിയ ഹരിതഭവനം പദ്ധതി ലോകത്തിന് തന്നെ മാതൃകയാണ് എന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ഡിഡിഇ മനോജ് മണിയൂർ പങ്കെടുത്ത മുഴുവൻ പേർക്കും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നിറവ് ബനാന ബാങ്ക് ചെയർമാൻ എ പി സത്യൻ ഹരിതഭവനത്തെക്കുറിച്ചും മാലിന്യ മുക്ത നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ തുടർ പ്രവർത്തനങ്ങളെ കുറിച്ചും ലത്തീഫ് കുറ്റിപ്പുറം ഹരിത മുദ്രാവാക്യങ്ങളെ കുറിച്ചും ക്ലാസ് എടുത്തു.

ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ എം ഗൗതമൻ, ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ, വൈസ് പ്രസിഡണ്ട് ഷജീർഖാൻ വയ്യാനം, നിഷ ആൻറണി,പി കെ വികാസ്, എം കെ ഗ്രിജീഷ്, പ്രിയേഷ് വാസുദേവൻ, പി പി മോഹനൻ, കെകെ ബിനീഷ് കുമാർ, ശങ്കരനാരായണൻ മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ആൻ മരിയ ജിപ്സൺ, എസ്ആർ ഇവാനിയ, പി ദേവിക, തൻഹ ഫാത്തിമ, സഞ്ജന റോസ്, ജ്വല്‍ പ്രകാശ് തുടങ്ങിയവർ ഹരിത ഭവന അനുഭവങ്ങൾ പങ്കുവെച്ചു. സരസ്വതി ബിജു ഹരിത കവിതയും ജയനി ഗർഷല്‍ ഹരിത ഗാനവും അവതരിപ്പിച്ചു. വിദ്യാർത്ഥികൾ ഹരിത ഗാനത്തിനൊത്ത് ഹരിത നൃത്തമാടി. മികച്ച രീതിയിൽ ഹരിത ഭവനം തീർത്ത വിദ്യാർത്ഥികളും അവർക്ക് നേതൃത്വം നൽകിയ അധ്യാപകരും ആണ് വിജയാരവം ശിൽപ്പശാലയിൽ ഒത്തുചേരുന്നത്.

ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവർ ഇതിൽ ഉൾപ്പെടും. വീടുകളെയും വിദ്യാലയങ്ങളെയും മാലിന്യമുക്തമാക്കുക, ഊർജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ സ്വയം പര്യാപ്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2024 ജൂലൈ മാസത്തിൽ ആരംഭിച്ച ഹരിത ഭവനത്തിന് വലിയ വിജയ കഥയാണ് പറയാനുള്ളത്. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽ മാലിന്യ നിർമാർജനത്തിന്റെയും ഹരിത ഭവനത്തിന്റെയും സന്ദേശങ്ങൾ എത്തിക്കാൻ കഴിഞ്ഞു. 12,345 വിദ്യാർഥികളാണ് വീടുകളിൽ മൂന്ന് പെട്ടികൾ വെച്ച് മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിന്റെ ഫോട്ടോ ഹരിത ഭവനത്തിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത് എങ്കിലും പദ്ധതിയിൽ പങ്കാളികളായവർ ഇതിലും എത്രയോ മടങ്ങാണ്.

ഒരു വർഷം നീണ്ടുനിൽക്കുന്ന തുടർ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ഹരിത കർമ്മ സേനകൾ നൽകുന്ന യൂസർ റസീറ്റുകൾ ഓരോ മൂന്നു മാസത്തിലും അപ്‌ലോഡ് ചെയ്യുമ്പോൾ സിൽവർ, ഗോൾഡൻ, ഡയമണ്ട്, പ്ലാറ്റിനം എന്നീ പദവികൾ ഹരിത ഭവനത്തിന് ലഭിക്കുന്ന രീതിയിലാണ് സർട്ടിഫിക്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആയിരം ഹരിതഭവനങ്ങളുടെ പ്രഖ്യാപനം കോഴിക്കോട് സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ കലക്ടറും പതിനായിരം ഹരിത ഭവനങ്ങളുടെ പ്രഖ്യാപനം കൂടത്തായി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിന്റോ ജോസഫ് എംഎൽഎയും നിർവഹിച്ചിരുന്നു.