ഓമശ്ശേരി: വിവിധ മുസ്ലിം സംഘടനകളുടെയും മഹല്ല് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ നടന്ന് വരുന്ന സംയുക്ത ഈദ് ഗാഹുകൾ മുസ്ലിം സമുദായ ഐക്യത്തിലേക്കുള്ള ചുവടുവെപ്പുകളാണെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ഓമശ്ശേരി ട്രസ്റ്റ് അങ്കണത്തിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നാടിൻ്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ മൂന്നും നാലും ഈദ് ഗാഹ് കമ്മിറ്റികളുടെ മേൽനോട്ടത്തിൽ ഒന്നിച്ച് പെരുന്നാൾ നമസ്കാരം നിർവ്വഹിക്കുന്ന സംയുക്ത ഈദ്ഗാഹുകൾ സംഘടിപ്പിച്ച് വരുന്നുണ്ട്. ഇത് ശുഭോദർക്കമായ കാര്യമായതിനാൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. അഭിപ്രായവ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ നന്മയിൽ സഹകരിക്കുകയെന്ന ഖുർആനിൻ്റെ കൽപനയനുസരിച്ചുള്ള ഒരു വിശാല സമീപനം സ്വീകരിക്കാൻ ഇത്തരം വേദികൾ മുഖേന മുസ്‌ലിംകൾക്ക് സാധിക്കും.

ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു മുസ്‌ലിം പൊതുവേദിയാണ്. നമുക്ക് ഒന്നാവാൻ ആവില്ല, ഒന്നാവുകയും വേണ്ട,
നാം ഒന്നിച്ചിരുന്നാൽ മതി എന്ന പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രസ്താവന ഹുസൈൻ മടവൂർ അനുസ്മരിച്ചു.
റംസാൻ മാസത്തിൽ നടത്തപ്പെട്ട ഇഫ്താർ സൗഹൃദസംഗമങ്ങൾ ഇസ്‌ലാമിൻ്റെ മാനവികയുടെ അടയാളങ്ങളായിരുന്നു. രാജ്യത്ത് വളർന്ന് വരുന്ന വെറുപ്പിൻ്റെ രാഷ്ട്രീയം ഇല്ലായ്മചെയ്യാനും വർഗ്ഗീയക്കെതിരിൽ മതത്തിൻ്റെ മാനവിക സന്ദേശം പ്രചരിപ്പിക്കാനും എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം മനസ്ഥാപനങ്ങളും സ്വത്തുക്കളും കയ്യേറാനുള്ള ഗൂഢ ശ്രമമാണ് വഖഫ് ഭേദഗതി ബിൽ നടപ്പിലാക്കുന്നതിലൂടെ സർക്കാർ നടത്തുന്നത്. ഭരണഘടനാവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ഇത്തരം നീക്കങ്ങളെ മതേതര ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് ചെറുത്ത് തോൽപ്പിക്കണം.
പൊരുതുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ലഹരിവ്യാപനം തടയാനായി നല്ല ജാഗ്രതയും ശക്തയായ ബോധവൽക്കരണവുമുണ്ടാവണമെന്നും ഡോ.ഹുസൈൻ മടവുർ പറഞ്ഞു.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ വൻ ജനാവലിയാണ് സംയുക്ത ഈദ് ഗാഹിൽ പങ്കെടുത്തത്.