സലിം മൂർക്കനാട്
48000 രൂപ സമ്മാനിക്കുന്ന NMMS സ്കോളർഷിപ്പ് പരീക്ഷക്ക് സംസ്ഥാന തലത്തിൽ ഒരേ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ എഴുതിയ കുട്ടികളിൽ നിന്ന് വിജയികളെ കണ്ടെത്താൻ ജില്ലാതലത്തിൽ വ്യത്യസ്ത കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചതാണ് ക്രൂരമായ വിവേചനത്തിന് കാരണമായത്.
ആകെ 180 മാർക്കിൽ ശരാശരിക്ക് മുകളിൽ 112 മാർക്ക് ലഭിച്ച കോട്ടയത്ത് പരീക്ഷ എഴുതിയ കുട്ടികൾ സ്ക്കോളർഷിപ്പിന് അർഹരായപ്പോൾ 140 മാർക്ക് വരെ ലഭിച്ച മലപ്പുറം ജില്ലയിലെ കുട്ടികൾ സ്ക്കോളർഷിപ്പിന് പുറത്തായി. ഇതര ജില്ലകളുടെ കണക്കിലും അന്യായമായ ഇതേ വിവേചനം കാണാം.
ജില്ലകളുടെ വിസ്തീർണവും ജനസംഖ്യയും പരീക്ഷാർഥികളുടെ എണ്ണവും പരിഗണിക്കാതെ 14 ജില്ലകൾക്കും സ്ക്കോളർഷിപ്പ് ഒരു പോലെ വിതരണം ചെയ്യുന്നതാണ് വിവേചനത്തിന്റെ അടിസ്ഥാനം. കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ലകളിലെ ഏറ്റവും മികച്ച പഠന നിലവാരമുള്ള വിദ്യാർത്ഥികൾ പോലും സ്കോളർഷിപ് ലഭിക്കാതിരിക്കുമ്പോൾ താരതമ്യേന കുറച്ചു കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ലകളിലെ ശരാശരി പഠന നിലവാരമുള്ളവർക്ക് പോലും സ്ക്കോളർഷിപ്പ് ലഭിക്കുന്നത് കുട്ടികൾക്കിടയിലെ കടുത്ത വിവേചനം തന്നെയാണ്. വലിയ തുക സ്ക്കോളർഷിപ്പുള്ള മത്സര പരീക്ഷയിൽ കഠിന പ്രയത്നം ചെയ്ത് പരീക്ഷയെഴുതുന്ന കുട്ടികൾക്കിടയിൽ 29 മാർക്കിന്റെ വിവേചനം ഒരു വിധേനയും ന്യായീകരിക്കാനാവില്ല. സംസ്ഥാന തലത്തിൽ ഒരേ ചോദ്യപേപ്പർ ഉപയോഗിച്ച് നടക്കുന്ന പരീക്ഷയിൽ വിജയികളെ കണ്ടെത്തുന്നതും സംസ്ഥാനത്തെ ഒരു യൂണിറ്റ് ആയിക്കണ്ട് കട്ട് ഓഫ് നിശ്ചയിക്കുന്നതിലൂടെ മാത്രമേ കുട്ടികളോടുള്ള ഈ കടുത്ത വിവേചനം ഭാവിയിലെങ്കിലും അവസാനിപ്പിക്കാനാവൂ.
തന്നെക്കാൾ 29 മാർക്ക് കുറഞ്ഞയാൾക്ക് കിട്ടിയ സ്കോളർഷിപ്പ് തനിക്ക് നഷ്ടപ്പെട്ടതിന്റെ “മാനദണ്ഡം” തിരിച്ചറിയുന്ന എട്ടാം ക്‌ളാസുകാരന്റെ /കാരിയുടെ മനോനില മനസിലാക്കിയെങ്കിലും അധികൃതർ പറ്റിയ തെറ്റ് തിരുത്തിയേ തീരൂ.