ജിദ്ദ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്, കുട്ടി മലയാളം ക്ലബ്ബിന് കീഴിൽ അല്‍ ഹുദാ മദ്രസാ വിദ്യാർത്ഥികള്‍ക്കായി വിവിധ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികളിൽ മലയാള ഭാഷാ പഠനവും വായനയും പ്രോത്സാഹിപ്പിക്കുന്ന വിവിധ ഇനങ്ങളാണ് മത്സരങ്ങള്‍ക്കായി തെരഞ്ഞെടുത്തത്.
കേരളപ്പിറവി മുതല്‍ ഇന്നുവരെയുള്ള കേരളത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തിയ ക്വിസ് മത്സരത്തില്‍ അമ്പതോളം കുട്ടികള്‍ പങ്കെടുത്തു. ഇഷാന്‍ റസീന്‍ മുസ്തഫ, അബിഷ മസ്ഹൂദ് (ഒന്നാം സ്ഥാനം) മുഹമ്മദ് നദാല്‍ എം.ടി, നിയ ഫാത്തിമ (രണ്ടാം സ്ഥാനം), ഹദഫ് മുഹമ്മദ് (മൂന്നാം സ്ഥാനം) എന്നിവർ ജേതാക്കളായി.
വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ക്വിസ് മത്സരത്തിന് മദ്രസാ അദ്ധ്യാപകന്‍ മുഹമ്മദ് സുല്ലമി ആര്യന്‍തൊടിക നേതൃത്വം നല്‍കി.
ക്ലാസടിസ്ഥാനത്തില്‍ മലയാളം കയ്യെഴുത്ത്, മലയാള പദ നിര്‍മ്മാണം, മലയാളം വായന എന്നിവയിലും മത്സരങ്ങള്‍ നടത്തി.
മത്സരങ്ങളിലെ മുഴുവന്‍ വിജയികള്‍ക്കും മദ്രസാ സ്റ്റാഫ് കൗൺസിൽ അംഗങ്ങളും മാനേജ്മെന്റ് ഭാരവാഹികളും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മത പഠനത്തോടൊപ്പം മാതൃഭാഷയായ മലയാളം പഠിപ്പിക്കുന്നതില്‍ അല്‍ ഹുദാ മദ്രസ എന്നും ശ്രദ്ധിച്ചിട്ടുണ്ടെന്നും, മദ്രസയുടെ പ്രാരംഭം മുതല്‍ മലയാളം പഠിപ്പിച്ചു വരുന്നുണ്ടെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. മദ്രസാ അധ്യാപകർ നേതൃത്വം നല്‍കിയ സമ്മാനദാന ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാന്‍ ഫാറൂഖി സ്വാഗതവും മുജീബുറഹ്മാന്‍ സ്വലാഹി നന്ദിയും പറഞ്ഞു.