നൂൽപ്പുഴ പഞ്ചായത്തിലെ ‘ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് വിജയത്തിലേക്ക്

Wayanad

കൽപ്പറ്റ : സംസ്ഥാനത്തെ ആദിവാസി ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള ‘ന്യൂട്രീഷൻ ഇനിഷ്യേറ്റീവ്’, പോഷകാഹാര പദ്ധതി വിജയത്തിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധിയ്ക്കപ്പെടുന്നു. രണ്ടു വർഷം മുൻപ് തുടങ്ങിയ പദ്ധതിയിലൂടെ പോഷകാഹാര കുറവ് ഉള്ള കുട്ടികളിൽ 61 ശതമാനം പേർക്കും കുറവിൽ വർദ്ധനവുണ്ടാക്കുവാനും പ്രോട്ടീൻ-ഊർജ്ജ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ 47 ശതമാനം കുറവ് വരുത്തുവാനും സാധിച്ചെന്നാണ് പുതിയ പഠനം പറയുന്നത്.

2022 ൽ വയനാട്ടിലെ ഐ സി ഡി എസിൻ്റെയും നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോടെ നീതി ആയോഗിന്റെ ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ് ഡെവലപ്‌മെൻ്റിൻ്റെ കീഴിൽ ബംഗളൂരു കേന്ദീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ യുണൈറ്റഡ് വേ ‘റൂറൽ റൈസിംഗ്’ കാമ്പെയ്‌നിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിൻ്റെ ഭാഗമായി 400 അടുക്കളകളിലൂടെ നടപ്പിലാക്കിയ ഈ പരിപാടിയെക്കുറിച്ച് ഏറ്റവും അവസാനം നടത്തിയ പഠനത്തിലാണ് 700 കുട്ടികൾക്ക് നേരിട്ട് ഗുണം ലഭിച്ചതായി കണ്ടെത്തിയത്. 30 അങ്കണവാടികൾ കുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷം ഉണ്ടാക്കുന്നതിനായി ഈ പദ്ധതിയുടെ ഭാഗമായി നവീകരിച്ചു.

42 അങ്കണവാടികളിൽ സൂക്ഷ്മ പോഷകങ്ങൾ ലഭ്യമാക്കിയുള്ള പാകം ചെയ്ത ഭക്ഷണങ്ങൾ ദിവസം മൂന്നുനേരം ആഴ്ചയിൽ ആറു ദിവസവും ലഭ്യമാക്കി. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള വ്യപക ബോധവല്ക്കരണം,
30 അംഗൻവാടി കേന്ദ്രങ്ങളിൽ കമ്മ്യൂണിറ്റി അധിഷ്ഠിത മാതൃകയായ കോ-ആക്ടീവ് കിച്ചൺസ് ഫോർ എൻറിച്ച്മെന്റ് (CAKE) നടപ്പിലാക്കൽ, മാതാപിതാക്കളെ ലക്ഷ്യം വെച്ച് വീടുകളിൽ പതിവായി നടത്തുന്ന ഭവന സന്ദർശനങ്ങൾ എന്നിങ്ങനെയുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണവും കൊണ്ടാണ് പദ്ധതി വിജയം കണ്ടതെന്ന് യുണൈറ്റഡ് വേ സി.ഇ. ഒ രാജേഷ് കൃഷ്ണൻ പറഞ്ഞു.

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) പങ്കാളികളുമായി സഹകരിച്ച് യുണൈറ്റഡ് വേ ബെംഗളൂരു (UWBe) ആണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ വിജയത്തെ തുടർന്ന് പഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റികളിലും ഈ സംരംഭം തുടരുന്നതിന് നൂൽ പുഴ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.

ഇപ്പോൾ കേരളം മുഴുവൻ മാത്രമല്ല, ഇന്ത്യ മുഴുവൻ സമാനമായ സംരംഭങ്ങൾക്ക് ഒരു മാതൃകയായി ഇത് മാറുകയാണ്.