വേഗത മരണത്തിന്‍റെ ഭാഗത്താണ്, ജീവിതം വൈകലാണ്

Articles

ചിന്ത / ഏ പ്രതാപന്‍

ജര്‍മ്മന്‍ സിനിമാ സംവിധായകന്‍ വെര്‍നര്‍ ഹെര്‍സോഗിന്റെ ( Werner Herzog) Of Walking in Ice (മഞ്ഞിലൂടെയുള്ള നടത്തത്തെ കുറിച്ച് ) എന്ന പുസ്തകം വലിയ ഒരു യാത്രയെ കുറിച്ചാണ്. തനിക്ക് ഏറെ പ്രിയങ്കരിയായ സിനിമാ സൈദ്ധാന്തിക ലോട്ടെ ഐസ്‌നര്‍ (Lotte Eisner ) മരണശയ്യയിലാണെന്ന് അറിവ് കിട്ടി ആരംഭിക്കുന്ന ഒരു യാത്ര. ലോട്ടെ ഐസ്‌നര്‍ 1933 ല്‍ ഹിറ്റ്‌ലര്‍ അധികാരമേറിയപ്പോള്‍ ജര്‍മ്മനിയില്‍ നിന്ന് ഫ്രാന്‍സിലേക്ക് പലായനം ചെയ്തതാണ്. പിന്നീട് പാരീസിലിരുന്നു കൊണ്ട് ജര്‍മ്മന്‍ നവ സിനിമയുടെ മാര്‍ഗ്ഗദര്‍ശിയായിരുന്നു. ഹെര്‍സോഗിന് ഗുരുതുല്യയായിരുന്നു ഐസ്‌നര്‍.

‘ 1974 നവമ്പര്‍ ഒടുവില്‍ ഒരു സുഹൃത്ത് പാരീസില്‍ നിന്നെന്നെ വിളിച്ചു പറഞ്ഞു, ലോട്ടെ ഐസ്‌നര്‍ വളരെ ഗുരുതരമായ രോഗാവസ്ഥയിലാണ് , ഒരു പക്ഷേ മരിച്ചു പോയേക്കാം. അതു പറ്റില്ല , ഞാന്‍ പറഞ്ഞു , ഇപ്പോള്‍ എന്തായാലും, അവരില്ലാതെ ജര്‍മ്മന്‍ സിനിമ എന്തു ചെയ്യും , അവരുടെ മരണം നമ്മള്‍ അനുവദിക്കുകയില്ല. ഞാന്‍ ഒരു ജാക്കറ്റ് ധരിച്ചു, വടക്കു നോക്കിയെടുത്തു , തോള്‍ ബാഗില്‍ അത്യാവശ്യ സാധനങ്ങളും. പാരീസിലേക്കുള്ള ഏറ്റവും നേരെയുള്ള വഴിയിലൂടെ ഞാന്‍ യാത്ര തുടങ്ങി. ഞാന്‍ നടന്നു പോയാല്‍ അവര്‍ ജീവിച്ചിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഒറ്റക്കായിരിക്കാനും ഞാന്‍ ആഗ്രഹിച്ചു.’ പുസ്തകം ഇങ്ങനെ തുടങ്ങുന്നു.

മ്യൂണിച്ചില്‍ നിന്ന് പാരീസിലേക്ക് ദൂരം അഞ്ഞൂറ് മൈലുകള്‍ വരും. തീവണ്ടിയോ വിമാനമോ വേണ്ടെന്ന് വെച്ച് നടന്നു പോകാനാണ് ഹെര്‍സോഗ് തീരുമാനിച്ചത്. മരണത്തെ തടഞ്ഞു നിര്‍ത്താനുള്ള ഒരു തീര്‍ത്ഥയാത്രയായിരുന്നു അത്. വേഗം കൊണ്ട് മരണത്തെ തടയാനാകില്ല. യൂറോപ്പിലെ ഏറ്റവും കഠിനമായ ശൈത്യത്തിന്റെ നാളുകളായിരുന്നു , നവംബര്‍ 23 നാണ് ഹെര്‍സോഗ് നടക്കാന്‍ തുടങ്ങിയത്. കൈയില്‍ കാര്യമായ പൈസയൊന്നും എടുത്തില്ല. വഴി മുഴുവന്‍ മഞ്ഞുമൂടി കൊടും ശൈത്യത്തിലായിരുന്നു. വഴിയിലുള്ള പള്ളികളിലും ആളൊഴിഞ്ഞ വീടുകളിലും ഹെര്‍സോഗ് അന്തിയുറങ്ങി. പുസ്തകം ഒരു ഡയറിയുടെ രൂപത്തിലാണ്. അവനവനോടുള്ള സംഭാഷണങ്ങളാണ് കൂടുതല്‍. ഓരോ ദിവസം കഴിയുന്തോറും ശരീരം അവശമായിക്കൊണ്ടിരുന്നു. കാലിന്റെ സന്ധികളിലൊക്കെ നീരു വന്നു. മൂന്നാഴ്ച തുടര്‍ച്ചയായി നടന്ന് ഡിസംബര്‍ 14 ന് ഹെര്‍സോഗ് പാരീസിലെത്തി. യാത്രയുടെ അവസാനത്തെ കുറിച്ച് പുസ്തകത്തിന്റെ ഒടുവില്‍ ഹെര്‍സോഗ് എഴുതി :

‘ ഒരു പിന്‍കുറിയായി ഇത്ര മാത്രം ; ഞാന്‍ മദാം ഐസ്‌നറെ കാണാന്‍ പോയി , അവര്‍ അപ്പോഴും നല്ല ക്ഷീണത്തിലും രോഗാവസ്ഥയിലുമായിരുന്നു. ഞാന്‍ നടന്നാണ് വന്നിരിക്കുന്നതെന്ന് ആരോ അവരോട് ഫോണ്‍ ചെയ്ത് പറഞ്ഞിരിക്കണം. അത് സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അവര്‍ നീക്കിത്തന്ന മറ്റൊരു ചാരുകസേരമേല്‍ എന്റെ വേദനിക്കുന്ന കാലുകള്‍ ഞാന്‍ പൊക്കി വെച്ചു…. ഉജ്വലവും ക്ഷണികവുമായ ഏതോ ഒരു നിമിഷത്തില്‍ എന്റെ തീര്‍ത്തും പരിക്ഷീണമായ ശരീരത്തിലൂടെ പ്രസന്നമായതെന്തോ പാഞ്ഞു പോയി. ഞാന്‍ അവരോട് പറഞ്ഞു , ജാലകങ്ങള്‍ തുറക്കൂ , കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ഞാന്‍ പറക്കാനുള്ള ശേഷി നേടി.’

ഐസ്‌നര്‍ പിന്നീട് ഒമ്പത് വര്‍ഷം ജീവിച്ചു, 1983 നവംബര്‍ 25 നാണ് മരിച്ചത്. പ്രായാധിക്യത്തിന്റെ അവശതകള്‍ ഏറിയപ്പോള്‍ അവര്‍ ഹെര്‍സോഗിനെ വീണ്ടും വിളിച്ചു വരുത്തി, എന്നെ മരിക്കാന്‍ അനുവദിക്കൂ, എന്റെ മരണത്തിനു മേലുള്ള നിന്റെ നിരോധനം പിന്‍വലിക്കൂ എന്ന് ആവശ്യപ്പെട്ടു എന്നാണ് കഥ.

ഹെര്‍സോഗിന്റെ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് ആ യാത്ര പെട്ടെന്ന് മനസ്സിലാകും. ജീവിതത്തെയും മരണത്തെയും വേഗത്തെയും കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ ഈ യാത്രയെയും ഓര്‍ക്കും. വേഗത മരണത്തിന്റെ ഭാഗത്താണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ജീവിതം ഒരു വൈകലാണെന്നും . നമ്മുടെ ഭാഷക്ക് അതറിയാം. താമസിക്കുക എന്ന വാക്കിന് , വസിക്കുക എന്നും വൈകുക എന്നും രണ്ടര്‍ത്ഥങ്ങള്‍ അത് പറഞ്ഞു തരും.