അഷറഫ് ചേരാപുരം
ദുബൈ: ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും മനുഷ്യരെ ഉള്‍ക്കൊള്ളുന്ന യു.എ.ഇയില്‍ മതസൗഹാര്‍ദ്ദത്തിന്റെ അടയാളമായി അബ്രഹാമിക് ഫാമിലി ഹൗസ്. മുസ്ലിം, ക്രിസ്ത്യന്‍, ജൂത ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിട സമുച്ചയമാണ് തുറന്നത്. അടുത്ത മാസം ഒന്നു മുതല്‍ വിനോദ സഞ്ചാരികള്‍ക്കും പൊതു ജനത്തിനും അബ്രഹാം ഫാമിലി ഹൗസ് തുറന്നു കൊടുക്കും. അബൂദബി സാദിയാത്ത് ദ്വീപിലാണ് മസ്ജിദും, ചര്‍ച്ചും, സിനഗോഗും ഉള്‍പ്പെട്ട അബ്രഹാമിക് ഫാമിലി ഹൗസ് നിര്‍മിച്ചിരിക്കുന്നത്.
സംഘര്‍ഷങ്ങള്‍ക്ക് പകരം സഹവര്‍ത്തിത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകരുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്റര്‍ വഴിയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചത്. പ്രമുഖ വാസ്തുശില്പിയായ സര്‍ ഡേവിഡ് അദ്ജയാണ് കേന്ദ്രം രൂപകല്‍പന ചെയ്തത്.
പഠനത്തിനും സംവാദത്തിനും ആരാധനയ്ക്കും ഇവിടെ ഇടമുണ്ടാകും. എല്ലാ ദിവസവും രാവിലെ 10 മുതലാണ് സന്ദര്‍ശനം അനുവദിക്കുക. സന്ദര്‍ശനത്തിന് മുന്‍കൂട്ടി ബുക്കിങ് ചെയ്യണം. ആരാധാനലയങ്ങളുള്ളതിനാല്‍ ഡ്രസ്‌കോഡ് പാലിക്കണം. പുരുഷന്‍മാര്‍ മുട്ടുമറയ്ക്കുന്ന ട്രൗസറും, തോള്‍ മറക്കുന്ന ഷര്‍ട്ടും ധരിക്കണം. സ്ത്രീകള്‍ തലമറക്കണം. സന്ദര്‍ശര്‍ക്ക് സ്‌കാര്‍ഫ് ഇവിടെ വിതരണം ചെയ്യും. സ്വന്തം മതവിശ്വാസത്തിന്റെ ഭാഗമല്ലാത്ത ആരാധനാലയങ്ങളിലും ഇവിടെ അതിഥിയായി പ്രവേശിക്കാം. എബ്രഹാം പ്രവാചകന്റെ പരമ്പരയില്‍ പെട്ടവരാണ് ക്രിസ്ത്യാനികളും മുസ്ലിംകളും ജൂതരും. ഈ അര്‍ഥത്തിലാണ് കേന്ദ്രത്തിന് അബ്രഹാമിക് ഫാമിലി ഹൗസ് എന്ന പേരിട്ടത്.