അവർ മതത്തിന്‍റെയും രാജ്യത്തിന്‍റെയും മാനവികതയുടെയും ശത്രുക്കള്‍

Kozhikode

ഹനീഫ് കായക്കൊടി, (സെക്രട്ടറി, കേരള ജംഇയ്യത്തുൽ ഉലമ)

പല ചാനലുകളും മാറിമാറിക്കാണുകയായിരുന്നു. ഭീകരാക്രമണത്തിന്റെ ക്രൂരത ബോധ്യപ്പെടുത്തുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടേയും വിലാപങ്ങൾ. പഹൽഗാമിൽ കുതിച്ചെത്തിയ സൈന്യത്തിന്റെയും പ്രദേശവാസികളുടെയും ആശ്വസിപ്പിക്കലുകൾ.

അടുത്തവർ പലരും നഷ്ടപ്പെട്ടിട്ടും ഈ രാജ്യത്ത് നിലനിൽക്കുന്ന സാഹോദര്യം ഇല്ലാതാവരുത് എന്ന് വിവേകപൂർവം ചിന്തിക്കുന്നവർ. എനിക്ക് കശ്മീരിൽ രണ്ട് സഹോദരങ്ങളെ കിട്ടിയെന്ന് പറയുന്ന കൊല്ലപ്പെട്ട മലയാളിയുടെ മകൾ. ഡിപ്ലോമാറ്റിക് ചർച്ചകൾ. വർഗീയത ഊതിക്കത്തിക്കുന്ന വിഷനാവുകൾ. അങ്ങനെ പല കാഴ്ചകൾ.

കശ്മീരികളുടെ മെഴുകുതിരി കത്തിച്ചു കൊണ്ടുള്ള പ്രകടനം മനസ്സിൽ തട്ടുന്നതായിരുന്നു. കൂട്ടത്തിൽ ആരെയൊക്കെയോ നഷ്ടപ്പെട്ട പോലെ കരഞ്ഞു വീർത്ത മുഖമായിരുന്നു പലർക്കും. ഒപ്പം ഈ രാജ്യത്തെ ഇത്തരം നരാധാമന്മാർക്ക് വിട്ടുകൊടുക്കില്ലെന്നും കൂട്ടക്കൊലകളിലൂടെ കശ്മീരിനെ തകർക്കാൻ അനുവദിക്കില്ലെന്നുമുള്ള ദൃഢ നിശ്ചയം അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.

ഈ അക്രമത്തെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും അക്കൗണ്ടിലേക്ക് വരവ് വെക്കാനുള്ള ബോധപൂർവമായ ചില ശ്രമങ്ങൾ കാണാതിരുന്നു കൂടാ. അക്രമികളും അങ്ങനെയൊരു മുഖം ഇതിന് നൽകാൻ ശ്രമിച്ചു എന്നാണ് ചില വാർത്തകൾ സൂചിപ്പിക്കുന്നത്. അത് ശരിയായാലും തെറ്റായാലും ഇസ്‌ലാമോഫോബിയ വളർത്താനും മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്താനും ആ വാർത്തകളെ ചിലർ ദുരുപയോഗപ്പെടുത്തുന്നുണ്ട് എന്നത് സത്യമാണ്. അത്കൊണ്ട് തന്നെയാണ് ഇതിന് ഇസ്‌ലാം മതവുമായി ബന്ധമില്ലെന്ന് മുസ്‌ലിം സംഘടനകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഈ കൊച്ചു കേരളത്തിൽ മാർട്ടിൻ എന്ന അതിക്രൂരനായ കൊലയാളി എട്ടു നിരപരാധികളായ മനുഷ്യരെ കൊലചെയ്തപ്പോൾ അയാളുടെ മതം പലരും പറഞ്ഞിരുന്നില്ല എന്നതോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മതമോ മതവിശ്വാസമോ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമായില്ല എന്നതോ ഈ അക്രമത്തിൽ ഇസ്‌ലാമിന് പങ്കില്ല എന്ന് പറയുന്നതിൽ നിന്ന് മുസ്‌ലിംകളെ തടയുന്നില്ല.

ഗുജറാത്തിലും മണിപ്പൂരിലും ന്യൂനപക്ഷങ്ങളെ ഉന്മൂലനം നടത്താൻ ശ്രമിച്ചവരുടെ മതമോ ജാതിയോ അന്തിച്ചർച്ചകളിലോ സോഷ്യൽ മീഡിയകളിലോ ചർച്ചചെയ്യപ്പെട്ടില്ല എന്നതും ഈ നരഹത്യക്ക് മുസ്‌ലിംകളുമായി ബന്ധമില്ല എന്ന് പറയാനുള്ള കാരണമായി മുസ്‌ലിംകൾ പരിഗണിക്കുന്നില്ല.

ഫലസ്തീനിൽ പാവപ്പെട്ട കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം കരിഞ്ഞും വെന്തും മരിച്ചുവീണപ്പോൾ കണ്ണ് തുറക്കാതിരുന്നവരുടെ വ്യാജ വിലാപങ്ങളെ കുറിച്ചും പരാതി പറഞ്ഞുകൊണ്ട് ഇതിനെ ഒരു മുസ്‌ലിമും ന്യായീകരിക്കില്ല.

മറിച്ച് ഈ കൂട്ടക്കൊല നടത്തിയവരുടെ പേരോ മതമോ അവർ മുഴക്കിയ മുദ്രാവാക്യങ്ങളോ അവരുടെ ചെയ്തികളോ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നതാണ് എന്ന് ആരെങ്കിലും പറയുന്നുവെങ്കിൽ അത് സത്യമല്ലെന്നും കളവാണെന്നും നൂറാവർത്തി ഇവിടത്തെ മുസ്‌ലിം സമുദായം വിളിച്ചു പറയും.
അത് ആരെയെങ്കിലും ഭയന്നിട്ടല്ല. ആരോടെങ്കിലും കണക്ക് ബോധിപ്പിക്കാനുമല്ല. മറിച്ച് ഈ തിന്മയിൽ ഈ ദൈവിക മതത്തിനോ അതിൽ വിശ്വസിക്കുന്നവർക്കോ പങ്കാളിത്തമില്ലെന്ന് പറയേണ്ട ബാധ്യത വിശ്വാസികളെന്ന നിലയിൽ അവർക്കുള്ളത് കൊണ്ടാണ്.

ഇസ്‌ലാമിന്റെ പേരിൽ, മുസ്‌ലിംകളുടെ പേരിൽ ഇത്തരത്തിൽ മനുഷ്യ മനസ്സുകളെ നടുക്കുന്ന ഒരതിക്രമമുണ്ടായാൽ അത് ഇന്ത്യയിലെ മുസ്‌ലിംകൾക്ക് എന്ത് ഗുണമാണ് ചെയ്യുക എന്ന് ആലോചിക്കാൻ സാധിക്കാത്തവരാണോ വസ്ത്രം മാറ്റിനോക്കി മുസ്‌ലിംകൾ അല്ലാത്തവരെ കൊലപ്പെടുത്താൻ ഇറങ്ങിയവർ!

രാജ്യത്തിന്റെ മുക്കിലും മൂലയിലും മുസ്‌ലിം സമുദായം പലതരത്തിലുള്ള പ്രതിസന്ധികൾ നേരിടുമ്പോൾ എന്ത് ആശ്വാസമാണ് മതത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന ഒരക്രമം മുസ്‌ലിംകൾക്ക് പ്രദാനം ചെയ്യുക എന്ന് തിരിച്ചറിയാനാവാത്ത വിഡ്ഢികളാണോ ഇസ്‌ലാമിന്റെ പേര് പറയുന്നവർ!!

മുസ്‌ലിംകളുടെ സ്വത്വവും അസ്തിത്വവും ചോദ്യം ചെയ്യാൻ ഭരണകൂടമടക്കം കരുക്കൾ നീക്കുകയും അതിന് ഈ രാജ്യത്തെ മുഴുവൻ ഹിന്ദുക്കളുടേയും പിന്തുണ നേടാൻ മുസ്‌ലിം വിരുദ്ധ ശക്തികൾ ശ്രമിക്കുകയും ചെയ്യുന്നു എന്നറിയാത്തവർക്ക് ഏത് ഇസ്‌ലാമിനെയാണ് ഈ അക്രമത്തിലൂടെ സംരക്ഷിക്കാൻ കഴിയുക!?

മുസ്‌ലിംകളെല്ലാം തീവ്രവാദികളല്ലെന്നും എന്നാൽ തീവ്രവാദികളെല്ലാം മുസ്‌ലിംകളാണ് എന്നുമുള്ള പഴകിപ്പുളിച്ച വാദത്തിന് എണ്ണയും തീയും പകരാൻ മാത്രമേ ഇത്തരമൊരു അക്രമം സഹായിക്കൂ എന്ന് മനസ്സിലാക്കാൻ മാത്രം ബോധമില്ലാത്തവരാണോ ഇസ്‌ലാമിന്റെ പേരിൽ ഇത് ചെയ്തു എന്ന് പറയുന്നവർ?!

അവിടെയാണ് പലരും സൂചിപ്പിച്ച പോലെ ഇന്ത്യയിലെ മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കുമിടയിൽ ശത്രുതയുണ്ടാക്കുവാനുള്ള ഗൂഢശ്രമമായി ഈ അതിക്രമത്തെ വായിക്കേണ്ടി വരുന്നത്. മുസ്‌ലിം സമൂഹത്തിന് ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അനുകൂലതകളെ ഇല്ലാതാക്കാൻ നടന്ന ശ്രമമായി ഇതിനെ മനസ്സിലാക്കേണ്ടി വരുന്നത്. അതുകൊണ്ടാണ് മുൻവിധികളില്ലാത്ത, മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാറാത്ത കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ ലോകത്തിനു മുന്നിൽ കൊണ്ട് വരണം എന്ന് ഈ രാജ്യത്തെ സ്നേഹിക്കുന്നവർ ആവശ്യപ്പെടുന്നത്.