ഹജ്ജ്; ജീവിതം വിശുദ്ധമാക്കാൻ ലഭിച്ച സുവർണാവസരം: വിസ്ഡം

Kozhikode

കോഴിക്കോട് : വിശുദ്ധ ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിക്കുന്നത് ജീവിതത്തെ സ്ഫുടം ചെയ്യാനുള്ള സുവർണാവസരമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സംഘടിപ്പിച്ച ഹജ്ജ് ക്യാംപ് അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് എം എസ് എസ് ഓഡിറ്റോറിയത്തിലാണ് ഹജ്ജ് ക്യാoപ് സംഘടിപ്പിച്ചത്

അനേകായിരങ്ങൾ ഹജ്ജിന് അവസരം ലഭിക്കാതെ പ്രയാസപ്പെടുമ്പോഴും എല്ലാ സൗകര്യങ്ങളും വന്നുഭവിച്ച വിശ്വാസികൾ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മനസും ശരീരവും അതിനായി ക്രമപ്പെടുത്തണമെന്നും ക്യാംപ് ഓർമ്മിപ്പിച്ചു. ഹജ്ജ് തീർത്ഥാടന സമയത്തെ വിമാനക്കമ്പനികളുടെ സാമ്പത്തിക ക്കൊള്ളക്കെതിരെ നിയമ നിർമ്മാണം നടത്താൻ ക്യാമ്പ് അധികാരികളോട് ആവശ്യപ്പെട്ടു.

സർക്കാർ പൊതു മേഖലയിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്ക് സൗജന്യ നിരക്ക് ഏർപ്പെടുത്തുന്നതിന് പകരം സ്വകാര്യ കമ്പനികളെയും കവച്ച് വെക്കുന്ന വിധം യാത്രാക്കൂലി വർധിപ്പിക്കുന്നത് അനീതിയാണ്. ദൈവ പ്രീതിക്കായി നടത്തേണ്ട ഹജ്ജ് യാത്രയോടനുബന്ധിച്ച് നടക്കുന്ന അനാചാരങ്ങളിൽ നിന്ന് സമൂഹം വിട്ട് നിൽക്കണം.

വിശുദ്ധ ക്വുർആൻ വിവർത്തകനും ധാരാളം ഹജ്ജ് യാത്രാ സംഘങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ വീഡിയോ പ്രസൻ്റേഷനോട് കൂടി ഹജ്ജ് കർമ്മങ്ങൾ വിശദീകരിച്ചു.

ഹംസ മദീനി, ഡോ അബദുൽ ബാസിത് തുടങ്ങിയവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് വി ടി ബഷീർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ഭാരവാഹികളായ അബ്ദു റസാഖ് അത്തോളി, ബി വി മുഹമ്മദ്‌ അഷ്‌റഫ്‌, ജംസീർ കറപറമ്പ്, നാസർ താമരശ്ശേരി, ഷാജി ക്രൈഫ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.