മയക്കുമരുന്നിനെതിരെ ‘ലോകമങ്ങനെയാണ്’ ഷോര്‍ട്ട്ഫിലിമുമായി ജെസിന്ത മോറിസ്

Thiruvananthapuram

തിരുവനന്തപുരം: മയക്കുമരുന്നിന്റെ പിടിയിലമരുന്ന കേരളത്തെ സംരക്ഷിക്കാന്‍ പദ്ധതികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിന് പിന്തുണയേകി ഒരു ഷോര്‍ട്ട് ഫിലിം.

പ്രശസ്ത സാഹിത്യകാരിയും അഭിനേത്രിയും സംവിധായികയുമായ ജസിന്ത മോറിസ് ഒരുക്കുന്ന ‘ലോകം അങ്ങനെയാണ്’ എന്ന ഷോര്‍ട്ട് ഫിലിമാണ് മദ്യം, മയക്കുമരുന്ന് പോലുള്ള മനുഷ്യനെ ഇല്ലാതാക്കുന്ന കറുപ്പുകള്‍ക്കെതിരെയുള്ള അവബോധവുമായി പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. 2025 മേയ് 4ന് രാവിലെ 9.30 ന് പേയാട് എസ്.പി തിയേറ്ററില്‍ ആദ്യ പ്രദര്‍ശനം നടക്കും.

പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ ആണ്. സാഹിത്യകാരന്‍ ജി. എന്‍ പണിക്കര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാര്‍ ഐ.എ.എസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.

ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, വിളപ്പില്‍ ശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിജാം.വി, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മുന്‍ വകുപ്പ് മേധാവി ഡോ. ജോസഫ് ആന്റണി, സായന്തനം മ്യൂസിക്‌സ് കോഡിനേറ്റര്‍ ഹരികൃഷ്ണകുമാര്‍, പേയാട് സൗഹൃദ വേദി സെക്രട്ടറി ശ്രീ.രഞ്ജിത്.ആര്‍.സി എന്നിവര്‍ ആശംസ അര്‍പ്പിക്കും.

പ്രിസില്ല മരിയന്‍ നന്ദിയും കലാ സാംസ്‌കാരിക സാഹിത്യ ഏകോപനം ശ്രീമതി പ്രിയാ ശ്യാം , പ്രിയരാജ് എന്നിവരും നിര്‍വ്വഹിക്കും. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നതിനു പുറമേ ജസിന്ത മോറിസ് ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

മുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ട പ്രശസ്ത നടി ടി.ടി ഉഷ, സോണിയ മല്‍ഹാര്‍, പദ്മകുമാര്‍, സലാം, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ഡോ. അനിത ഹരി, ജയകൃഷ്ണന്‍ കാര്യവട്ടം, റാണി തുടങ്ങി 55 ഓളം താരങ്ങള്‍ ഇതില്‍ അഭിനയിക്കുന്നു.

മൂന്ന് ദിവസം കൊണ്ട് നാലു ലൊക്കേഷനുകളിലായി പൂര്‍ത്തിയാക്കിയ ഷോര്‍ട്ട്ഫിലിമില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പൊലീസായിരുന്നവര്‍ തന്നെ കാക്കി വേഷം അണിയുന്നത്.

പ്രത്യാശ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തിലെ കോളനി രംഗം യഥാര്‍ത്ഥ കോളനിയില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യവശങ്ങള്‍ എടുത്തുകാണിക്കുന്നതിനൊപ്പം പുതുതലമുറയുടെ മുന്നോട്ട് നോക്കാതെയുള്ള തീരുമാനങ്ങള്‍ കാരണം നേരിടുന്ന പ്രതിസന്ധിയും മറ്റ് പല സമകാലീന വിഷയങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കുന്നു.

സാമൂഹിക ബോധവത്കരണത്തിന്റെ ഭാഗമായി ഈ ഹ്രസ്വചിത്രം സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കാനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നു. ചിത്രത്തിന്റെ ക്യാമറ: ബാബുരാജ് വെണ്‍കുളം, എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് അമല സ്റ്റുഡിയോ, ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സംവിധായികയായ ജസിന്ത മോറിസാണ്.

ഒപ്പം സായന്തനം മ്യൂസിക്കിലെ അംഗങ്ങളാണ് ചിത്രത്തില്‍ ഗാനം ആലപിച്ചത്. മുന്‍പ് അഞ്ച് ആല്‍ബങ്ങളും നാല് ഷോര്‍ട്ട് ഫിലിമുകളും ഒരുക്കിയിട്ടുള്ള ജസിന്ത ഏജീസ് ഓഫീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയാണ്.