എൻ എഫ് എസ് എ തൊഴിലാളികളുടെ കൂലി വർദ്ധനവ്; ഐ എന്‍ ടി യു സിയുടെ നേതൃത്വത്തില്‍ തൊഴിലാളികൾ സമരത്തിലേക്ക്

Wayanad

കൽപ്പറ്റ: റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ്,എൻ എഫ് എസ് എ ഗോഡൗണുകളിൽ കയറ്റിറക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂലി വർദ്ധനവ് നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലും വ്യാപകമായി കയറ്റിറക്ക് തൊഴിലാളികൾ സമരം ആരംഭിക്കാൻ കൽപ്പറ്റയിൽ ചേർന്ന ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയൂസി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

റേഷൻ കടകളിലും ഗോഡൗണുകളിലും കയറ്റിക്കു നടത്തുന്നതിന് ഉണ്ടായിരുന്ന കരാർ 2023 ഫെബ്രു: 6 ന് അവസാനിച്ചിരുന്നു. തുടർന്ന് ലേബർ കമ്മീഷ്ണറുടെയും സിവിൽ സപ്ലൈസ് അധികൃതരുടെയും, കരാറുകാരുടെയും പ്രതിനിധികൾ തൊഴിൽ, ഭക്ഷ്യ സിവിൽ സപ്ലൈസ്, ധനകാര്യ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നിരന്തരമായി ചർച്ചകൾ നടത്തുകയും ഉദ്യോഗസ്ഥ നേതൃത്വത്തിൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി റിപ്പോർട്ടുകൾ തയ്യാറാക്കി 15% കൂലി വർദ്ധനയെന്നത് ചർച്ചകളിൽ ധാരണയും തീരുമാനവുമായ ശേഷം സർക്കാർ ഏകപക്ഷീയമായി കൂലി വർദ്ധിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരിക്കുന്നു.

തൊഴിലാളികളുടെ കൂലി വർദ്ധന നിഷേധിക്കാൻ കാരണമായി പറയുന്നത് സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയാണ്. തുച്ഛ വരുമാനക്കാരും അത്താഴപ്പട്ടിണിക്കാരുമായ തൊഴിലാളികളുടെ പട്ടിണി പിഴിഞ്ഞെടുക്കുന്ന പണമാണ്

നാലാം വാർഷികത്തിൻ്റെ ആഡംബരത്തിന് സർക്കാർ ചിലവഴിക്കുന്നത്.ഒരുവശത്ത് തൊഴിലാളികളുമായി ചർച്ചകൾ നടത്തുകയും മറുവശത്ത് കരാറുകാരെ സഹായിക്കാൻ കുറുക്കുവഴികൾ തേടുകയും ചെയ്ത് സർക്കാർ തൊഴിലാളികളെ വഞ്ചിച്ചൂവെന്നും ഫെഡറേഷൻ്റെ ജില്ലാ കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.

ഏകപക്ഷീയമായ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഗോഡൗണുകൾ അടച്ച് പണി മുടക്കി സമരം ചെയ്യാനും അതിന്റെ ഭാഗമായി ജില്ലയിലും പണി മുടക്കി സമരം ചെയ്യാനായി ഐ എൻ ടി യു സി തീരുമാനിച്ചതായി ഫെഡറേഷൻഭാരവാഹികൾ പറഞ്ഞു.

കൽപ്പറ്റയിൽ ചേർന്ന യോഗത്തിൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ സലാം മീനങ്ങാടി അധ്യക്ഷത വഹിച്ചു. ഐഎൻടിയൂസി ജില്ലാ പ്രസിഡണ്ട് പി പി ആലി യോഗം ഉദ്ഘാടനം ചെയ്തു.ടി എ റെജി,ഉമ്മർ കുണ്ടാട്ടിൽ,മണി പമ്പനാൽ,നിസാം പനമരം,മാടായി ലത്തീഫ്,കെ മഹേഷ്,വി പി മൊയ്‌ദീൻ,ഉമ്മർ മീനങ്ങാടി തുടങ്ങിയവർ സംസാരിച്ചു