ചെങ്ങോട്ടുകാവ് : വേനൽക്കാലത്ത് വർദ്ധിച്ചു വരുന്ന വൈദ്യുതി ഉപയോഗം ഗണ്യമായി കുറക്കുന്നതിനുള്ള സാങ്കേതികവിദ്യയുമായി സംസ്ഥാന എനർജി മാനേജ്മെൻ്റ് സെൻ്റർ രംഗത്തെത്തി. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ,സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കേരള സംസ്ഥാന കാലാവസ്ഥ വ്യതിയാന അനുരൂപീകരണ മിഷൻ തുടങ്ങിയവരുടെ പിന്തുണയോടെ 140 നിയോജകമണ്ഡലങ്ങളിലും ‘കുളിർമ്മ ‘ ക്യാമ്പയിൻ നടത്തിവരുന്നു.
കോഴിക്കോട് കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി ഗ്രന്ഥശാല കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ മേലൂർ കെ എം എസ് ഗ്രന്ഥശാലയുടെ പ്രാദേശിക പിന്തുണയോടെ കുളിർമ്മ കാമ്പയിൻ സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വേണു വിൻ്റെ അധ്യക്ഷതയിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ ബേബി സുന്ദർ രാജ് ഉദ്ഘാടനം ചെയ്തു. കെ എം എസ് വായനശാല വനിതാവേദി കൺവീനർ പി ഉഷ, നിർവ്വാഹകസമിതി അംഗം കെ പി ശ്രീധരൻ, കുളിർമ്മ കോർഡിനേറ്റർ എം എ ജോൺസൺ, ദർശനം ഗ്രന്ഥശാല ജോയിൻ്റ് സെക്രട്ടറി പി ജസീലുദ്ദീൻ, കെ എം എസ് ഗ്രന്ഥശാല ലൈബ്രേറിയൻ പി കെ ലീല എന്നിവർ പ്രസംഗിച്ചു.
എനർജി മാനേജ്മെൻ്റ് സെൻ്റർ – കേരളയുടെ അംഗീകൃത റിസോഴ്സ് പേഴ്സണും കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടറുമായ കൊല്ലറക്കൽ സതീശൻ ടെറസിലെ ചൂട് കുറക്കുന്നതിനുള്ള മാർഗ്ഗങ്ങൾ വിശദമാക്കി ക്ളാസ് നയിച്ചു. കരിയില നിറച്ച ഗ്രോ ബാഗിൽ ടെറസ് ചോരാതെ വിഷരഹിത പച്ചക്കറി കൃഷി നടത്തി മുറിക്കുള്ളിലെ ചൂട് ഗണ്യമായി കുറക്കുന്നതിനുള്ള മാർഗ്ഗങ്ങൾ വിശദീകരിച്ച് ഹരിതകേരളം ന്യൂസിൻ്റെ മാനേജിംഗ് എഡിറ്റും മുൻ മാധ്യമപ്രവർത്തകനുമായ ബെന്നി അലക്സാണ്ഡർ തത്സമയ അവതരണം നടത്തി. മുൻ സൈനികൻ മധുസൂദനൻ നീലാംബരിക്ക് കൃഷിയോഗ്യമാക്കിയ ഗ്രോ ബാഗ് അവതരണത്തിന് ഒടുവിൽ കൈമാറി. എനർജി മാനേജ്മെൻ്റ് സെൻ്ററിൻ്റെ സാമ്പത്തിക പിന്തുണയോടെയാണ് കുളിർമ്മ ക്യാമ്പയിൻ സംഘടിപ്പിച്ചത്.