അഷറഫ് ചേരാപുരം
കോഴിക്കോട്: ആംഗ്യ ഭാഷാ ഏകീകരണ ദൗത്യവുമായി ഇറങ്ങിത്തിരിച്ച മുഹമ്മദ് ഇഖ്ബാൽ അസം പുതിയ പരിശ്രമത്തിൽ. കംപ്യൂട്ടർ, മൊബൈൽ കീബോഡുകളിൽ ആംഗ്യ ഭാഷ ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇദ്ദേഹം ഇപ്പോൾ നടത്തുന്നത്. ഭിന്നശേഷി ക്കാർക്കായി നിരവധി പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അസം സ്വദേശിയും എന്നാൽ ദീർഘകാലമായി കോഴിക്കോട് താമസക്കാരനുമായ മുഹമ്മദ് ഇഖ്ബാലാണ് തൻ്റെ പുതിയ ഉദ്യമത്തിലുള്ളത്.
ഭിന്നശേഷി ക്കാർക്ക് അറബിയും ഖുർആനും പഠിക്കാനും പാരായണം ചെയ്യുവാനും സഹായിക്കുന്ന പുസ്തകങ്ങൾ ഇറക്കുന്നതുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഇഖ്ബാൽ നേരത്തെ നടത്തിയിരുന്നു.
വിശുദ്ധ ഖുർആൻ പഠനത്തിന് ശാസ്ത്രീയമായ ഒരു ഏകീകൃത ആംഗ്യ ഭാഷ ഖുർആൻ പഠന രൂപം ഇന്ത്യയിൽ ഇല്ല. വിവിധ അറബ് രാജ്യങ്ങളിലും ഇന്ത്യയിലും ഇഖ്ബാൽ നടത്തിയ ഗവേഷണ ശേഷമാണ് അദ്ദേഹം ഈ മേഖലയിൽ പ്രവർത്തനം ആരംഭിച്ചത്.
പല അറബ് രാജ്യങ്ങളിലും മറ്റ് വിദേശരാജ്യങ്ങളിലും ശാസ്ത്രീയമായ രീതിയിൽ ആംഗ്യ ഭാഷ ഖുർആൻ പഠത്തിനുള്ള വിദ്യാഭ്യാസ സംവിധാനങ്ങളുണ്ട്. അത്തരം ആംഗ്യ ഭാഷ പഠന സംവിധാനങ്ങൾ നമ്മുടെ രാജ്യത്തും ഉണ്ടാക്കണമെന്നാണ് ഇദ്ദേഹം പറയുന്നത്.
ഇതിന്റെ ഭാഗമായി ആംഗ്യ ഭാഷയില്‍ ഖുർആനിലെ അക്ഷരങ്ങളും വാക്കുകളും ഉള്‍പ്പെടുന്ന കാർഡുകളും പോസ്റ്ററുകളും ഇറക്കിയിട്ടുണ്ട്.
ആധുനിക വിവര സാങ്കേതിക സംവിധാ ന ങ്ങൾ ഭിന്നശേഷി ക്കാർക്ക് പ്രാപ്യമാവാൻ കഴിയുന്നതോടെ അറബി, ഖുർആൻ പഠനം സൗകര്യപ്രഥമായിത്തീരുമെന്നാണ് ഇഖ്ബാൽ പറയുന്നത്.ഈ തിരിച്ചറിവ് ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് കീബോർഡുകളിൽ ആംഗ്യ ഭാഷ ചിത്രീകരിക്കാനുള്ള പദ്ധതി.ഇതിൻ്റെ പ്രാരംഭ നടപടികൾ പൂർത്തിയായതായി അദ്ദേഹം പറഞ്ഞു.