തിരുവനന്തപുരം: ട്രാവല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ ദാതാവായ ഐബിഎസ്., അക്‌സെന്‍ചര്‍ ഫ്രെയ്റ്റ് ആന്‍ഡ് ലോജിസ്റ്റിക്‌സ് സോഫ്റ്റ് വെയറിനെ (എഎഫ്എല്‍എസ്) ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ചുള്ള എല്ലാ നടപടികളും ഐബിഎസ് പൂര്‍ത്തിയാക്കി. വ്യോമമേഖലയ്‌ക്കൊപ്പം സമുദ്ര മാര്‍ഗത്തിലൂടെയുമുള്ള ചരക്കുഗതാഗതത്തിന് അതിനൂതന ഡിജിറ്റല്‍വല്‍കരണത്തിലൂടെ സാങ്കേതികവിദ്യ നല്‍കുന്ന സ്ഥാപനമാണ് എഎഫ്എല്‍എസ്.
പുത്തന്‍ തലമുറ സംവിധാനങ്ങളുപയോഗിച്ചുള്ള സമുദ്ര ചരക്കുഗതാഗതത്തില്‍ ഏറെ പ്രവര്‍ത്തന പാരമ്പര്യം എഎഫ്എല്‍എസിനുണ്ട്. വിവരശേഖരമുപയോഗിച്ച് വാണിജ്യപ്രവര്‍ത്തനത്തില്‍ സുപ്രധാന തീരുമാനമെടുക്കുന്നതിന് കപ്പലുകളെ സഹായിക്കുന്നതിന് ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എഎഫ്എല്‍എസ് ഏറ്റെടുക്കുന്നതിലൂടെ സമുദ്ര ഗതാഗത മാനേജ്‌മെന്റില്‍ മേല്‍ക്കൈ നേടാന്‍ ഐബിഎസിനാകും.
സമുദ്രമാര്‍ഗമുള്ള വിതരണശൃംഖലയിലെ ഡിജിറ്റല്‍വല്‍കരണത്തിന് ഏറെ പ്രാധാന്യം കൈവരുന്നതുകൊണ്ട് ഈ ബിസിനസ് മേഖലയിലേക്കുള്ള വികസനം ഐബിഎസിന് പുത്തന്‍ അവസരങ്ങളാണ് നല്‍കുക. മികച്ച വൈദഗ്ധ്യമുള്ള മനുഷ്യശേഷി നേടിയെടുത്ത് ഗതാഗതത്തിലും വിതരണശൃംഖല കൈകാര്യം ചെയ്യുന്നതിലും ആധുനികവല്‍കരണം സാധ്യമാക്കാനും അതിലൂടെ ഈ വ്യവസായത്തില്‍ മൂല്യവല്‍കരണം നടത്താനും കഴിയും.
എഎഫ്എല്‍എസ് വഴിയുള്ള പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഐബിഎസ് ചെന്നൈയില്‍ പുതിയ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങും. ഐബിഎസിന്റെ ഇന്ത്യയിലെ നാലാമത്തെ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് സെന്ററായിരിക്കും ഇത്. ഗതാഗതമേഖലയിലെ കമ്പനികളുടെ വളര്‍ച്ച, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനും വ്യത്യസ്തമായ ഉപഭോക്തൃസേവനം നല്‍കുന്നതിനുമുള്ള ആധുനിക സോഫ്റ്റ് വെയര്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെന്നൈ സെന്റര്‍ സ്ഥാപിക്കുന്നത്.
എയര്‍ഫ്രെയ്റ്റ് മേഖലയില്‍ സമ്പൂര്‍ണത കൈവരിക്കാനും എഎഫ്എല്‍എസിനെ ഏറ്റെടുക്കുന്നതിലൂടെ ഐബിഎസിന് സാധിക്കും. മാത്രമല്ല, എയര്‍കാര്‍ഗോ മേഖലയില്‍ പരിവര്‍ത്തനവും നൂതനത്വവും സാധ്യമാക്കുന്ന തരത്തില്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിച്ച് ഈ മേഖലകളിലെ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതില്‍ ഒന്നാംകിട സ്ഥാപനമാകാനും ഇതിലൂടെ ഐബിഎസിന് കഴിയും.
എയര്‍ഫ്രെയ്റ്റ് ബിസിനസിന് ഇന്ന് വിമാനക്കമ്പനികള്‍ ഏറെ മുന്‍ഗണന നല്‍കുന്നുണ്ട്. ഈ കമ്പനികള്‍ തമ്മിലുള്ള പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ക്ലൗഡ് അധിഷ്ഠിത സഹകരണ സംവിധാനവും എഎഫ്എല്‍എസിനുണ്ട്. എഎഫ്എല്‍എസ് ഏറ്റെടുക്കലിലൂടെ ആധുനിക രീതിയിലുള്ള വളര്‍ച്ച ത്വരിതപ്പെടുത്താനാവും. ആഗോള ചരക്കുഗതാഗത ശൃംഖലയില്‍ സാങ്കേതികവിദ്യ സമ്പൂര്‍ണമായി ലഭ്യമാക്കുന്ന മുന്‍നിര സ്ഥാപനമാകാനും ഐബിഎസിന് ഈ നീക്കത്തിലൂടെ കഴിയും.
എഎഫ്എല്‍എസ് ഏറ്റെടുക്കല്‍ കാര്‍ഗോ, ലോജിസ്റ്റിക്‌സില്‍ ആഗോളാടിസ്ഥാനത്തില്‍ സ്ഥാനമുറപ്പിക്കുന്നതിനുള്ള ഐബിഎസിന്റെ തന്ത്രപരമായ നാഴികക്കല്ലാണെന്നും സമുദ്ര ഗതാഗത മേഖലയിലെ പ്രവര്‍ത്തന വ്യാപനത്തിലൂടെ വ്യവസായത്തില്‍ തങ്ങളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാനാകുമെന്നും ഐബിഎസ് സോഫ്റ്റ് വെയര്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് പറഞ്ഞു.
എയര്‍ കാര്‍ഗോ മേഖലയില്‍ ലോജിസ്റ്റിക്‌സ് ബിസിനസിലുണ്ടായ അടുത്തകാലത്തെ നീക്കങ്ങള്‍ വിതരണ ശൃംഖലയിലെ ഓരോ ഘട്ടത്തെയും സ്വാധീനിക്കുന്നതാണെന്നും എഎഫ്എല്‍എസ് ഏറ്റെടുക്കല്‍ ഡിജിറ്റല്‍മേഖലയിലെ നൂതനത്വത്തിലൂടെ തങ്ങളുടെ ആഗോള വിതരണ സംവിധാനത്തിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായിക്കുമെന്നും ഐബിഎസ് സോഫ്റ്റ് വെയര്‍ സിഇഒ ആനന്ദ് കൃഷ്ണന്‍ പറഞ്ഞു.