കൊച്ചി: ലഹരി ഉപയോഗം വ്യാപകമാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് അതിൽനിന്ന് യുവതലമുറയെ മുക്തരാക്കാനുള്ള സത്വര നടപടികളാണ് കൈകൊള്ളേണ്ടതെന്ന് അഡ്വ. ഹാരിസ് ബീരാൻ എം പി അഭിപ്രായപ്പെട്ടു. ക്വുർആൻ ലേണിംഗ് സ്കൂൾ സംസ്ഥാന സംഗമം ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി വ്യാപനത്തെ തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ ആ ഉത്തരവാദിത്തം ധാർമിക, സാമൂഹിക പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖുർആനിക സന്ദേശങ്ങളുയർത്തി ലഹരിക്കെതിരെ ഐ എസ് എം നടത്തുന്ന നീക്കങ്ങൾ ശ്ലാഖനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹിക അപചയങ്ങളെ തിരുത്തുകയും മനുഷ്യരെ നേർവഴിയിലേക്ക് നയിക്കുകയും ചെയ്യുകയാണ് ഓരോ വേദങ്ങളും നിർവഹിച്ച ദൗത്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ക്യുഎൽഎസ് വാർഷിക സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തിമ വേദമായ ഖുർആൻ അവതരിച്ച സമൂഹത്തെ പരിശോധിച്ചാൽ മനസ്സിലാവുന്നത് എല്ലാ തരത്തിലുമുള്ള തിന്മകളുടെയും വിളനിലമായിരുന്നു അന്നത്തെ അറേബ്യ എന്നാണ്. ആത്മീയ അവബോധം പകർന്നു നൽകി ആ സമൂഹത്തെ പ്രവാചകൻ വിശുദ്ധ ഖുർആനിലൂടെ പരിവർത്തിപ്പിച്ചു. ഖുർആൻ മുന്നോട്ടുവെക്കുന്ന ധാർമിക കാഴ്ചപ്പാടുകൾ സുരക്ഷിതമായ സാമൂഹിക സൃഷ്ടിപ്പിനും കുടുംബ ഭദ്രത കൈവരിക്കുന്നതിനും ഏത് കാലത്തും പ്രായോഗികമാണ്. അതു ജനങ്ങൾക്കിടയിൽ ചർച്ചാ വിധേയമാക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് മാസക്കാലമായി സംസ്ഥാന വ്യാപകമായി ഐഎസ്എം നടത്തിവരുന്ന ‘അരാജകവാദം തിരുത്തണം ലഹരിയെ തുരത്തണം’ പ്രചാരണ പരിപാടികളുടെ തുടർച്ചയായി നടന്നുവരുന്ന നല്ല കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് സംഗമം കൊച്ചിയില് സംഘടിപ്പിച്ചത്.
കെ.എന്.എം മർക്കസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ്കുട്ടി മദനി, കെജെയു ട്രഷറർ സിഎം മൗലവി ആലുവ, ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ, എംകെ ഷാക്കിർ, ടി പി എം ഇബ്രാഹിം ഖാൻ, സൽമ അൻവാരിയ്യ, എം എം ബഷീർ മദനി, അദീബ് പൂനൂര്, ഡോ. മുബഷിർ പാലത്ത്, സാബിഖ് മാഞ്ഞാലി, റിഹാസ് പുലാമന്തോൾ, ജുനൈസ് മുണ്ടേരി, ഹുസൈൻ സ്വലാഹി, ഡോ. റജുൽ ഷാനിസ്, ഷാനവാസ് ചാലിയം, നുനൂജ് ടി വൈ, എം എം ബുറാഷിൻ, സൗദ സലീം, നാജിയ പിഎസ്, അബ്ദുല്ല അദ്നാൻ, നസീം മടവൂർ, ഡോ. ഷബീർ ആലുക്കൽ, അബ്ദുൽ ഖയ്യൂം പിസി, ടികെഎൻ ഹാരിസ്, സുഹൈൽ ഇസ്ലാഹി എന്നിവർ വിശയങ്ങളവതരിപ്പിച്ചു സംസാരിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച കിഡ്സ് ഗാതറിംഗ് പി എ കബീർ സുല്ലമി ഉദ്ഘാടനം ചെയ്തു. ഷഹീം പാറന്നൂർ, സുഹൈൽ അരീക്കോട്, നുഅ്മാൻ ഷിബിലി, അദ്നാൻ ഹാദി എന്നിവർ നേതൃത്വം നൽകി.