കണ്ണൂർ: പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും മതവിശ്വാസികൾ ജീവി ക്കുമ്പോഴാണ് സമൂഹത്തിൽ സമാധാനവും ശാന്തിയും പുലരുകയെന്ന് ഈദ് സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു. മതാതീത മാനവികതയാണ് കാലം ആവശ്യപ്പെടുന്നതെന്നും സംഗമം ചൂണ്ടിക്കാട്ടി.ജില്ലാ കെ.എൻ.എം മർകസുദ്ദഅവ , എം.ജി.എം (മുസ്ലിം ഗേൾസ് ആൻ്റ് വുമൻസ് മൂവ്മെൻ്റ് ) സഹകരണത്തോടെ താണ എം.ഐ.എസ് നോളജ് സെൻ്ററിൽ നടന്ന ഈദ് സൗഹൃദ സംഗമം കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര ഉദ്ഘാടനം ചെയ്തു.കെ.എൻ.എം മർകസുദ്ദഅവ ജില്ലാ ട്രഷറർ ഡോ.ഇസ്മയിൽ കരിയാട് അദ്ധ്യക്ഷത വഹിച്ചു.

കണ്ണൂർ രൂപത വികാരി ജനറൽ ഡോ.ക്ലാരൻസ് പാലിയത്ത്, കണ്ണൂർ ചിന്മയ മിഷൻ സേവക് പ്രതിനിധി മോഹനൻ മാസ്റ്റർ, കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ പാലക്കോട്, എം.ജി.എം ജില്ലാ പ്രസിഡൻ്റ് കെ.ശബീന, എം.എസ് എം ജില്ലാ സെക്രട്ടറി വി.പി ഷെസിൻ എന്നിവർ പ്രസംഗിച്ചു. ക്യു.എൽ.എസ് (ഖുർആൻ ലേണിംഗ് സ്കൂൾ) പഠിതാക്കൾക്കുള്ള അവാർഡ് വിതരണം ഐ.എസ്.എം ജില്ലാ പ്രസിഡൻ്റ് റാഫി പേരാമ്പ്ര നിർവ്വഹിച്ചു. സി. ഐ. ഇ.ആർ (കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യുക്കേഷൻ ആൻ്റ് റിസർച്ച്) മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടിയും അരങ്ങേറി.