മെനു പരിഷ്കരണം – അപ്രായോഗികം: നാസർ മുണ്ടക്കയം

Idukki

മുണ്ടക്കയം: ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കാതെയും, സമയബന്ധിതമായി നൽകാതെയുമുള്ള മെനു പരിഷ്കരണം അപ്രായോഗികമാണെന്നും അത് പിൻവലിക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കോട്ടയം ജില്ലാ പ്രസിഡണ്ട് നാസർ മുണ്ടക്കയം ആവശ്യപ്പെട്ടു. സാധനങ്ങളുടെ ലഭ്യതയോ വിലയോ ഒന്നും പരിഗണിക്കാതെയുള്ള മെനു പരിഷ്കരണം അധ്യാപകരെ കടക്കെണിയിലാക്കും. മുൻവർഷങ്ങളിൽ മാസങ്ങളോളം വൈകിയും ഒരു മാസത്തിലെ തന്നെ പല ഘട്ടങ്ങളായി ഫണ്ട് അനുവദിച്ചത് അധ്യാപകരെ പ്രതിസന്ധിയിലാക്കിയിരുന്നു. ആവശ്യമായ ഫണ്ട് അനുവദിക്കാതെ വിഭവങ്ങളുടെ പേരുകൾ മാത്രം നൽകിയത് കൊണ്ട് പൊതു സമൂഹത്തിനിടയിൽ തെറ്റിദ്ധാരണ പരത്താനും അധ്യാപകരെ മോശമായി ചിത്രീകരിക്കാനും ഇടയാകും.

1 മുതൽ 4 വരെ 6.78 രൂപ യും 5 മുതൽ 8 വരെ 10.17 രൂപയുമാണ് നിലവിൽ അനുവദിക്കുന്നത്. ഇപ്പോൾ നിർദ്ദേശിക്കപ്പെട്ട രീതിയിൽ ഭക്ഷണം നൽകാൻ ഈ തുക ഒട്ടും പര്യാപ്തമല്ല. മാത്രമല്ല, 500 ൽ താഴെ കുട്ടികളുള്ള വിദ്യാലയങ്ങളിൽ ഒരു പാചകത്തൊഴിലാളി മാത്രമാണുള്ളത്. ഈ സാഹചര്യത്തിൽ സമയബസിതമായി ഈ വിഭവങ്ങളും പുറമെ മുട്ടയും പാലും തയ്യാറാക്കാൻ കഴിയില്ല എന്നത് വ്യക്തമാണ്. അധ്യാപക സംഘടനകളാട് കൂടിയാലോചിച്ചും , വിലനിലവാരമുൾപ്പെടെ കൃത്യമായി പഠിച്ചും മാത്രമേ ഇത്തരം തീരുമാനങ്ങളെടുക്കാവൂ എന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ അറിയിച്ചു.