ഒരു മാതൃക അരങ്ങൊഴിയുന്നു

Kottayam

മലയാളിയുടെ ജീവിതത്തില്‍ കറകളഞ്ഞ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അരങ്ങില് ശ്രീധരന്. ആറുപതിറ്റാണ്ടിലേറെ കാലം ഇന്ത്യയിലെ സോഷ്യലിസ്റ് പ്രസ്ഥാനത്തിന്റെ പടയാളിയായിരുന്നു. പക്ഷെ കുഴഞ്ഞുമറിഞ്ഞ ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ സോഷ്യലിസ്റുകള്‍ എങ്ങുമെത്താതെ പോയതില്‍ അരങ്ങിലിന് വേദനയുണ്ടായിരുന്നു.
1967ല്‍ പാര്‍ലമെന്റ് അംഗമായ ശ്രീധരന്‍ അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഷ്ഠിച്ചു. ഇന്നത്തെ യുവാക്കള്‍ക്ക് ജയില്‍വാസത്തിന്റെ അനുഭവമില്ലാത്തത് വലിയ കുറവാണെന്ന് അരങ്ങില്‍ എപ്പോഴും പറയുമായിരുന്നു.

വായന
ആഴവും പരപ്പുമേറിയ വായനയായിരുന്നു അരങ്ങിലെന്ന രാഷ്ട്രീയക്കാരന്റെ പ്രത്യേകത. ഈ വിപുലമായ അറിവിനെ അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതൊരു മാതൃകാനേതാവിന്റെ പിറവിയായി.

രാഷ്ട്രീയമീമാംസ, ചരിത്രം, തത്വചിന്ത, സംസ്കാരം, സാഹിത്യം എന്നീ വിവിധ വിഷയങ്ങളില്‍ അരങ്ങിലിന്റെ അറിവ് അപാരമായിരുന്നു. കൈവെള്ളയില്‍ വന്ന അധികാരസ്ഥാനങ്ങളൊന്നും അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. ഒന്നും കരുതിവയ്ക്കാനോ ആഡംബരജീവിതമോ നയിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ശ്രീധരേട്ടന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന അരങ്ങിലിനെ ഏതു പാര്‍ട്ടിപ്രവര്‍ത്തകനും എപ്പോഴും സമീപിക്കാമായിരുന്നു. പാര്‍ട്ടിപ്രശ്നങ്ങളിലെ തര്‍ക്കങ്ങള്‍ക്ക് അവസാനവാക്കായിരുന്നു അരങ്ങില്‍. പലപ്പോഴും എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പരിഹാരമായിരിക്കും അരങ്ങിലിന്റേത്. കേന്ദ്രവാണിജ്യമന്ത്രിയായിരുന്ന അരങ്ങിലിന്റെ ഇഷ്ടവിഷയം സാമ്പത്തികശാസ്ത്രമാണ്. മാര്‍ക്സിസ്റ് സാഹിത്യവുമായുള്ള ബന്ധമാണ് അദ്ദേഹത്തെ സാമ്പത്തികശാസ്ത്രത്തോട് അടുപ്പിച്ചത്.

അതിവിപുലമായ ഒരു സുഹൃദ്വലയം അദ്ദേഹം പ്രത്യേകം സൂക്ഷിച്ചിരുന്നു. ദില്ലിയിലും ആ നിഷ്കളങ്കസൗഹൃദത്തിന്റെ ഊഷ്മളതയനുഭവിച്ചവര്‍ ഇപ്പോഴും അദ്ദേഹത്തെ ഓര്‍മ്മിക്കുന്നുണ്ടാകണം. ഐ.കെ. ഗുജ്റാള്‍, ദേവഗൗഡ, വി.പി. സിംഹ് തുടങ്ങിയ മുന്‍ പ്രധാനമന്ത്രിമാരെല്ലാം അരങ്ങിലിന്റെ ഉറ്റസുഹൃത്തുക്കളായിരുന്നു.

രാഷ്ട്രീയജീവിതം

1990 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കേന്ദ്രവാണിജ്യവകുപ്പു സഹമന്ത്രിയായിരുന്നു ഇദ്ദേഹം. 1967-ല്‍ വടകരയില്‍ നിന്ന് ലോകസഭയിലേക്കും 88 ല്‍ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1952 ല്‍ മദ്രാസ് അസംബ്ലിയിലേക്കും മത്സരിച്ചിട്ടുണ്ട്.1977 ല്‍ ജനതാപാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമായ അദ്ദേഹം ജനതാദളിന്റെ സംസ്ഥാന ഘടകം പ്രസിഡന്റ് ആയിരുന്നിട്ടുണ്ട്.

പിന്നീട് ജനതാദള്‍ നേതൃത്വവുമായി തെറ്റിയ അദ്ദേഹം രാമകൃഷ്ണഹെഗ്ഡേയുടെ ലോക്ശക്തിയില്‍ അംഗമായി. ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാറുമായുണ്ടായ ചര്‍ച്ചകളെത്തുടര്‍ന്ന് മാതൃസംഘടനയിലേക്ക് തിരിച്ചു വന്ന അദ്ദേഹം രോഗബാധിതനായതിനെത്തുടര്‍ന്ന് വിശ്രമജീവതം നയിക്കുകയായിരുന്നു.

1923 ല്‍ കോഴിക്കോട് ജനിച്ച അദ്ദേഹം ദേശീയപ്രസ്ഥാനത്തിലൂടെയും സോഷ്യലിസ്റ് പ്രസ്ഥാനത്തിലൂടെയുമാണ് രാഷ്ട്രീയരംഗത്തെത്തിയത്. ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്.1946-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യലിസ്റ് പാര്‍ട്ടിയിലും അംഗമായി. പ്രജാ സോഷ്യലിസ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു.


ഗൈനക്കോളജിസ്റായ ഡോ. നളിനിയാണ് അദ്ദേഹത്തിന്റെ ഭാര്യ.