വായനാവാരത്തിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനവുമായി കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ വൈവിധ്യമാർന്ന സാഹിത്യ രചന- വായനാ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്. അതിനിടയിൽ, ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു സ്കൂൾ ലൈബ്രറിയിൽ നടന്ന പുസ്തക ചർച്ച.

വയനാട്ടുകാരിയും അതിലുപരി സ്കൂൾ സ്ഥിതി ചെയ്യുന്ന മുട്ടിൽ പഞ്ചായത്തിലെ താമസക്കാരിയുമായ എഴുത്തുകാരിയും അധ്യാപികയുമായ റൂബി ഫൈസലിന്റെ ” ഫെറോമോൺ ” എന്ന കഥാസമാഹാരമായിരുന്നു ചർച്ചചെയ്ത പുസ്തകം.
ചടങ്ങിൽ പുസ്തകത്തിന്റെ രചയിതാവായ റൂബി ടീച്ചർ പങ്കെടുത്തു എന്നത് മാത്രമല്ല, വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരുടേയും രക്ഷിതാക്കളുടേയും സജീവ പങ്കാളിത്തം ഉണ്ടായി എന്നതാണ് ശ്രദ്ധേയമായ കാര്യം.

മാധ്യമപ്രവർത്തകയും എഴുത്തുകാരിയും ഗായികയുമായ നീതു സനു ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായനയിലൂടെ യുവതലമുറ ആർജ്ജിക്കുന്ന പ്രത്യേക സവിശേഷതകളെ കുറിച്ചും ജീവിത വിജയത്തിൽ പുസ്തകങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും നീതു സനു വിശദമായി സംസാരിച്ചു.
പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റിയാസ് എൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ടി എം ബിജു പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. വീക്ഷണമായ സാഹിത്യ സാമൂഹിക അനുഭവങ്ങൾ സമ്മാനിക്കുന്ന ഒരു മഹത്തായ കൃതിയാണ് ഫെറോമോൺ . ഗ്രന്ഥകർത്താവായ റൂബി ഫൈസൽ വിദ്യാർത്ഥികളുമായി സാഹിത്യ സംവാദം നടത്തി. അവർ തന്റെ രചനാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.
അധ്യാപകരായ സിന്ധു എൻ കെ, ജിഷ സി പി, ജിസ്സി എം ജെ, ഹരിത ജയൻ , കെ. എൻ ഇന്ദ്രൻ, റിയാസ് എൻ വിദ്യാർത്ഥികളായ അനുപ്രിയ, റിയ ഷമീർ, മാളവിക, തുടങ്ങിയ വിദ്യാർത്ഥികളും രക്ഷിതാക്കളും പുസ്തക ചർച്ചയെ സജീവമാക്കി.
സർഗ്ഗാത്മകമായ ചടങ്ങിന് കെ എൻ ഇന്ദ്രൻ സ്വാഗതവും അനൂപ് നന്ദിയും പറഞ്ഞു. മുഖ്യാതിഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. എഴുത്തുകാരി റുബി ഫൈസൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.