തിരുവനന്തപുരം: ശ്രീചിത്തിര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സരിത എസ് നായരുടെ രക്ത സാംപിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഭക്ഷണത്തില്‍ പലതവണയായി രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് രക്ത സാംപിളുകള്‍ ശേഖരിച്ചത്. സരിതയുടെ മുന്‍ ഡ്രൈവറായ വിനുകുമാര്‍ രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയെന്നായിരുന്നു പരാതി.
ഇടത് കണ്ണിന്റെ കാഴ്ച ശക്തി കുറയുകയും ഇടത് കാലിന് സ്വാധീനക്കുറവ് അനുഭവപ്പെടുകയും ചെയ്ത സരിത എസ് നായര്‍ ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് പരിശോധനയ്ക്ക് സൗകര്യമില്ലാത്തതിനാല്‍ ഡല്‍ഹിയിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയില്‍ സാംപിളുകള്‍ പരിശോധനയ്ക്കായി അയയ്ക്കുന്നതിനാണ് തീരുമാനം.
തന്നെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഡ്രൈവറായിരുന്ന വിനുകുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരിക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ നല്‍കി. ഐ പി സി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്.
2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷവസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാല്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി മൂന്നിന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ച് വിനുകുമാറാണ് രാസവസ്തു കലര്‍ത്തിയതെന്ന് തനിക്ക് മനസ്സിലായിയെന്നും തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും സരിത പറഞ്ഞു.