മുസ്‌ലിം പള്ളികളും സ്ഥാപനങ്ങളും തകര്‍ത്തെറിയുന്ന ബുള്‍ഡോസര്‍ ഭീകരത അവസാനിപ്പിക്കണം: കെ.എന്‍ .എം മര്‍കസുദ്ദഅവ

Kozhikode

മലപ്പുറം : രാജ്യത്തെ മുസ്‌ലിംകളുടെ സാമ്പത്തികവും സാംസ്‌കാരികവുമായ അസ്ഥിത്വം കവര്‍ന്നെടുക്കുന്ന നിര്‍ദിഷ്ട വഖഫ്‌ഭേദഗതി നിയമം സംബന്ധിച്ച കേസില്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കി മുസ്‌ലിംകളുടെ ആശങ്ക പരിഹരിക്കാന്‍ സുപ്രീം കോടതി മുന്‍കയ്യെടുക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച മസ്ജിദ് മഹല്ല് മദ്‌റസ മാനേജ്‌മെന്റ് സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ വഖഫ് നിയമഭേദഗതി ചട്ടങ്ങള്‍ മുസ്‌ലിംകളുടെ ഭരണഘടനാവകാശങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമാണ്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിം പള്ളികളും മദ്‌റസകളും യാതൊരു കാരണവും കൂടാതെ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായി മുസ്‌ലിം സ്ഥാപനങ്ങള്‍ പൊളിച്ചു നീക്കുന്നത് നിയമ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയാണ്. മുസ്‌ലിം വംശഹത്യാ നടപടികള്‍ക്ക് ഭരണകൂടം തന്നെ നേതൃത്വം നല്‍കുന്ന ഭീതിതമായ സാഹചര്യത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ആശങ്കയകറ്റാന്‍ സുപ്രീം കോടതി ഇടപെടണം. മുസ്‌ലിം പൗരന്‍മാരുടെ ആരാധനാലങ്ങളും സ്ഥാപനങ്ങളും വീടുകളും സ്വത്തുക്കളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. പി. അബുസ്സലാം മദനി അധ്യക്ഷത വഹിച്ചു. അഡ്വ. പി മുഹമ്മദ് ഹനീഫ, അഡ്വ. നജാദ് കൊടിയത്തൂര്‍, മുഹമ്മദ് അശ്‌റഫ് കൊച്ചി, കെ.എ സുബൈര്‍ ആലപ്പുഴ പ്രൊഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, കെ എം കുഞ്ഞമ്മദ് മദനി, ഡോ.അനസ് കടലുണ്ടി, ഷാഹിദ് വളാഞ്ചേരി, റശീദ് ഉഗ്രപുരം വിഷയം അവതരിപ്പിച്ചു. കെ. പി അബ്ദുറഹ്മാന്‍ സുല്ലമി, കെ. അബ്ദുല്‍ അസീസ് പ്രസംഗിച്ചു. സി.മമ്മു കോട്ടക്കല്‍, പി ടി അബ്ദുല്‍ മജീദ് സുല്ലമി, എ ടി ഹസ്സന്‍ മദനി, ബി പി എ ഗഫൂര്‍, കെ പി അബ്ദുറഹ്മാന്‍, ഡോ. ജാബിര്‍ അമാനി ഡോ.യു പി യഹ്‌യാഖാന്‍ പ്രസീഡിയം നിയന്ത്രിച്ചു.