കോഴിക്കോട്: കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരാ കുമ്പോഴേക്ക് തങ്ങളുടെ യാത്ര കാറിലാക്കുന്നവരുള്ള കോഴിക്കോട്ടെ വേറിട്ട കാഴ്ചകളിലൊന്നായിരുന്നു അന്തരിച്ച ഏ കെ പ്രേംനാഥ് എന്ന മുന്‍ എം.എല്‍.എയുടെ യാത്ര!. ബസ്സിന്റെ പടിയില്‍ തൂങ്ങി സഞ്ചരിക്കുന്ന ആള്‍ ഒരു മുന്‍ എം.എല്‍. ഏയാണെന്നറിയുമ്പോള്‍ മിക്ക ആളുകളും ആദ്യമൊന്ന് ആശ്ചര്യപ്പെടാറാണ് പതിവ്. കാരണം വാക്കിലും പ്രവര്‍ത്തിയിലുമെല്ലാം വിപ്ലവത്തിന്റെ വക്താക്കളായ മുന്‍ എം.എല്‍.എമാര്‍ പോലും പിന്നീട് സഞ്ചാരം കാറിലേക്ക് മാറ്റുന്ന ഒരു കാലത്താണിതെന്നതു കൊണ്ടു കൂടിയാണിത്.
വാക്കിലും ജീവിത ശൈലിയിലുമെല്ലാം ലാളിത്യം കാത്തു സൂക്ഷിച്ചിരുന്ന പഴയ തലമുറയിലെ സോഷ്യലിസ്റ്റുകളിലെ മറ്റൊരു കണ്ണി കൂടിയാണ് പ്രേംനാഥിന്റെ നിര്യാണത്തോടു കൂടി ഇല്ലാതാകുന്നത്.
പൊതുപ്രവര്‍ത്തനമെന്നാല്‍, വരും കാലത്തേക്ക് സമ്പാദിക്കുവാനുള്ള മാര്‍ഗങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇദ്ദേഹത്തിന്റെ ജീവിത സന്ദര്‍ഭങ്ങളിലെ പല കഥകളും സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പാഠ പുസ്തകങ്ങളിലെ അധ്യായങ്ങളായി മാറുന്നത തുമി തു കൊണ്ടാണ്. വെള്ള അല്ലെങ്കില്‍ മറ്റേതെങ്കിലും ഇളം നിറത്തിലുള്ള ഇസ്തിരി ചുളിയാത്ത വസ്ത്രം, നരച്ചാലും അതറിയാത്ത രീതിയില്‍ കറുപ്പിച്ച് , ഭംഗിയായി ചീകിവെച്ച തലമുടി, ആളുകളെ പിടിച്ച് നിറുത്തുവാനുള്ള മുഖത്തെ കള്ളപുഞ്ചിരി . രാഷ്ട്രീയക്കാരില്‍ നമ്മുടെ മുന്‍വിധിയില്‍ നാം പ്രതീക്ഷിക്കുന്ന ഇതൊന്നും നേതാവാകുമ്പോഴും എം.എല്‍.എയായപ്പോഴും പ്രേംനാഥില്‍ ആരും കണ്ടിട്ടില്ല. മറിച്ച് പറയുന്നത് ചെയ്യും. ചെയ്യാന്‍ കഴിയാത്തത് പറയില്ല. ചെയ്യുന്നതിന് എന്തെങ്കിലും നേട്ടം പ്രതീക്ഷിച്ചിരുന്നുമില്ല. ഇതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു , 2009 ലെ ജനതാദള്‍ പിളര്‍പ്പ് സമയത്ത്, മറുവിഭാഗത്തില്‍ നിന്ന് ചാടി വന്നാല്‍ ജോസ് തെറ്റയിലിനൊപ്പം മന്ത്രി സ്ഥാനം പങ്കിട്ടുനല്കാമെന്ന വാഗ്ദാനം. എന്നാല്‍ അവസാനം ഇതിന് വഴങ്ങാതെ മറുഭാഗത്തു തന്നെ നില്ക്കുകയായിരുന്നു പ്രേം നാഥ്.
ഔപചാരികതകള്‍ക്കപ്പുറമായിരുന്നു പ്രേം നാഥിന്റെ ഇടപെടലും ജീവിത രീതിയും. ഒരു ഷര്‍ട്ടും ഒരു കൈ കൊണ്ട് മുകളിലേക്കുയര്‍ത്തിപ്പിടിച്ച വസ്ത്രവുമായി , പാര്‍ട്ടിയുടെ ആവശ്യത്തിന് ദല്‍ഹിയില്‍ വരെ പോയി വന്നിട്ടുണ്ട് ഈ മനുഷ്യന്‍. തോര്‍ത്തില്ലാത്തതിനാല്‍, ഉടുത്ത മുണ്ടിന്റെ ഒരു ഭാഗം കൊണ്ട് ദല്‍ഹിയില്‍ വെച്ച് തല തോര്‍ത്തിയെന്നുവരെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഈ ദല്‍ഹി യാത്രയെക്കുറിച്ച് പറയാറുണ്ട്. നാട്ടിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലുമെല്ലാം മരണമോ മറ്റോ ഉണ്ടെങ്കില്‍ അവിടെ ഓടിയെത്തി അവരെ ആശ്വസിപ്പിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഹോബികളിലൊന്ന്. മരണ ദിവസം പറ്റിയില്ലെങ്കില്‍ പിറ്റേ ദിവസം പ്രേം നാഥ് അവിടെ എത്തിയിരിക്കും. അങ്ങനെ വടകരയിലെ ഒരു മരണവീട്ടില്‍ പിറ്റേ ദിവസം പുലര്‍ച്ചെ ക്കാണ് എത്തിയത്. എന്നാല്‍ വീട്ടുകാര്‍ അപ്പോള്‍ കിടന്നുറങ്ങുകയായിരുന്നു. അതൊന്നും അദ്ദേഹത്തിന് പ്രശ്‌നമായിരുന്നില്ല.
പ്രേംനാഥ് ആ വീടിന്റെ കോലായില്‍ കയറി സുഖമായി കിടന്നുറങ്ങി. രാവിലെ വീട്ടുകാര്‍ എണീറ്റു നോക്കുമ്പോള്‍ കാണുന്നത് കോലായില്‍ കിടന്നുറങ്ങുന്ന എം.എല്‍. എയെയായിരുന്നു. സോഷ്യലിസ്റ്റ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ലാളിത്യത്തിന്റെയും സംശുദ്ധ രാഷ്ട്രീയത്തിന്റെയും വക്താക്കള്‍ എന്നു നമ്മുടെ മനസ്സിലേക്കോടി വരുന്ന , പഴയ തലമുറയിലെ ഒരു മുഖം കൂടിയാണ് , എം.കെ പ്രേംനാഥിന്റെ വിടവാങ്ങലിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിന്നില്ലാതാകുന്നത്.