കോഴിക്കോട്: സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥി കണ്‍സഷന്‍ അട്ടിമറിക്കാനുള്ള കെ എസ് ആര്‍ ടി സിയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. കെ എസ് ആര്‍ ടി സി എം ഡി യുടെയോ സര്‍ക്കാരിന്റെയോ ഔദാര്യമല്ല. കെ എസ് ആര്‍ ടി സിയുടെ കെടുകാര്യസ്ഥതയില്‍ വിദ്യാര്‍ത്ഥികളുടെ മെക്കിട്ട് കയറേണ്ടതില്ല. കെ എസ് ആര്‍ ടി സിയിലെ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ആട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിരിക്കുകയായിരുന്നു അലോഷ്യസ് സേവ്യര്‍.
അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മറ്റു സ്ഥാപനങ്ങളിലേതു പോലെ തന്നെ കണ്‍സഷന്‍ അവകാശമുള്ളവരാണ്. അവരെ കണ്‍സഷന്‍ നേടുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നതല്ലയെന്നും 25 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ല എന്നുള്ള നിലപാട് വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും വിദ്യാര്‍ത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തില്‍ തരം തിരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ എ പി എല്‍ , ബി പി എല്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ വേര്‍തിരിക്കുന്നതിലൂടെ സൃഷ്ടിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് കൂട്ടി ചേര്‍ത്തു. മാര്‍ച്ചുമായി കെ എസ് ആര്‍ ടി സിയിലേക്ക് എത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു. കെ എസ് ആര്‍ ടി സിയിലെ കണ്‍സഷന്‍ റദ്ദാക്കിയ നടപടി വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ റദ്ദാക്കാനുള്ള ഏത് നീക്കത്തെയും കെ.എസ്.യു ചെറുത്ത് തോല്‍പ്പിക്കുമെന്നും ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും അധ്യക്ഷത വഹിച്ച കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കെ.എസ്.യു നേതാക്കളായ വി.ടി നിഹാല്‍, വി.ടി സൂരജ്, സനൂജ് കുരുവറ്റൂര്‍, എം.പി രാഗിന്‍, എ.കെ ജാനിബ്, അര്‍ജുന്‍ പൂനത്ത്, എ.കെ അന്‍ഷിദ്, ഷംലിക്ക് കുരിക്കള്‍, ഗോകുല്‍ ഗുരുവായൂര്‍, അനീഷ് ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.