കോഴിക്കോട്: ജോലിത്തിരക്കിന് ചെറിയൊരു ഇടവേള നല്‍കി ടെക്കികള്‍ മാര്‍ച്ച് മൂന്നിന് വെള്ളിയാഴ്ച ക്രീസിലിറങ്ങുന്നു. മലബാര്‍ മേഖലയിലെ ഐടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കട്ട് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) സംഘടിപ്പിക്കുന്നകാഫിറ്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം പതിപ്പിലാണ് ഐ ടി ജീവനക്കാരുടെ ടീമുകള്‍ മാറ്റുരയ്ക്കുക. മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തവണ 50 ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയഫ്‌ലഡ്‌ലിറ്റ് ഗ്രൗണ്ടില്‍ വൈകുന്നേരം 3.30 മുതല്‍ രാത്രി പത്തുവരെയാണ് മത്സരങ്ങള്‍.
കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്ക്, യു എല്‍ സൈബര്‍ പാര്‍ക്ക്, കാക്കഞ്ചേരി കിന്‍ഫ്ര എന്നിവിടങ്ങളിലെ കാഫിറ്റ് അംഗങ്ങളായ കമ്പനികളിലെയും മലബാറിലെ മറ്റു ഐ ടി കമ്പനികളിലെയും ജീവനക്കാരുള്‍പ്പെട്ടതാണ് ടീമുകള്‍. പുരുഷവിഭാഗത്തില്‍ 38 ടീമുകളും വനിതാ വിഭാഗത്തില്‍ 12 ടീമുകളുമാണ് ഇത്തവണ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് കൂടുതല്‍ വനിതാ ടീമുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഗവ. സൈബര്‍ പാര്‍ക്ക് സിഇഒ എം.എസ്. മാധവിക്കുട്ടി ഐ എ എസ് അറിയിച്ചു.
മാനസികശാരീരിക വ്യായാമത്തിനുപരി ഐടി ജീവനക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജവും തൊഴിലിടങ്ങളിലേക്കുള്ള അടുപ്പവും പ്രീമിയര്‍ ലീഗ് ഉറപ്പ് വരുത്തുമെന്നും അവര്‍ പറഞ്ഞു. ടൂര്‍ണമെന്റിലെ പ്രാഥമിക മത്സരങ്ങള്‍ ആറ് ഓവറുകളിലായി നിജപ്പെടുത്തിയിട്ടുണ്ട്. സെമിയിലും ഫൈനലിലും എട്ട് ഓവറുകള്‍ വീതം ഉണ്ടാകും. വിജയികള്‍ക്ക് കാഫിറ്റിന്റെ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും. മലബാറിലെ ഐടി മേഖലയുടെ വികസന പ്രചാരണം ലക്ഷ്യമിട്ടു കൂടിയാണ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.