താമരശ്ശേരി ചുരം റോഡ് ഉടൻ നവീകരിക്കുക: സി.പി.ഐ (എം.എൽ)റെഡ്സ്റ്റാർ

Wayanad

വയനാട് ചുരം റോഡിൽ അനുഭവപ്പെടുന്ന ദുരിതത്തിന് പരിഹാരം കണ്ടെത്തുന്നതിൻ്റെ ഭാഗമായി ചുരം റോഡ് നവികരണം, ബദൽ പാതകളുൾപ്പെടെയുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയും ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സി.പി.ഐ(എം.എൽ റെഡ്സ്റ്റാർ. 2018 ലെ അതിവൃഷ്ടിയിൽ വിള്ളൽ ഉണ്ടായി എന്ന് കൽപ്പറ്റ എം.എൽ.എ പറയുന്നു. എന്നാൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ മേൽനോട്ടത്തിൽ എഴ് വർഷങ്ങൾക്കിപ്പുറവും ഇക്കാര്യത്തിൽ ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നത്! വയനാട് കോഴിക്കോട് ജില്ലാ ഭരണകൂടങ്ങൾ സംയുക്തമായി പ്രവർത്തിച്ചു കൊണ്ട് പ്രശ്നപരിഹാരം ഉണ്ടാക്കണം. ചുരം വളവുകളിൽ ആവശ്യത്തിന് പൊലീസ് സേവനം ഉറപ്പ് വരുത്തണം. റോഡ് വ്യക്തമായി കാണാൻ സഹായിക്കുന്ന ദീപസംവിധാനങ്ങൾ ഒരുക്കണം. ഇത്തരം അപകട സാദ്ധ്യതയുടെ പ്രശ്നങ്ങൾ താമരശ്ശേരി ചുരത്തിലെ മാത്രം പ്രശ്നമല്ല. ചെമ്പ്ര മല, കുറിച്ച്യർ മല, വെള്ളർ മല, മണിക്കുന്ന് മല, പുത്തുമല അങ്ങനെ നിരവധി പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലകളാണ്. ഇവിടങ്ങളിലൊക്കെ ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാറും ആവശ്യമായ സുരക്ഷാ പരിശോധന നടത്തണം. ഭൗമശാസ്ത്രജ്ഞരുൾപ്പെടെ പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ സഹായിക്കുന്ന ശാസ്ത്രീയ പഠനങ്ങൾ നടത്തി, പ്രതിരോധ പ്രവർത്തനങ്ങൾ വരുംകാലത്തെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഇവിടങ്ങളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും വാസയോഗ്യമായ വീടുകൾ നൽകി യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കാലത്ത് പൗരരുടെ സ്വൈര ജീവിതം നിയമവ്യവസ്ഥയുടെ ഭാഗമാക്കുന്ന കാലാവസ്ഥ നീതി ഉറപ്പാക്കേണ്ടതുണ്ട് എന്നും സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ്ജ് അധ്യക്ഷത വഹിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, സി.ജെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.